
പ്രതി ആരായാലും അറസ്റ്റ് ചെയ്യുമെന്നുള്ള പൊലീസിന്റെയും സര്‍ക്കാരിന്റെയും ജാഗ്രത തുടര്‍ന്നുള്ള ഘട്ടത്തിലും ഉറപ്പാക്കിയാലേ നടിയെ ആക്രമിച്ച കേസില്‍ നീതി പുലരുകയുള്ളൂവെന്ന് നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്. asianetnews.tvയോട് സംസാരിക്കുകയായിരുന്നു സാറാ ജോസഫ്. തെളിവുകള്‍ തേച്ചുമായ്ക്കുകയും സാക്ഷികള്‍ മൊഴി മാറ്റി പറയുകയും ചെയ്യുന്ന സാഹചര്യം ഈ കേസില്‍ ഉണ്ടാകരുതെന്ന് സാറാ ജോസഫ് പറഞ്ഞു. കേരളം ഒറ്റക്കെട്ടായി നിന്ന് ശിക്ഷ വാങ്ങിക്കൊടുത്ത സംഭവമാണ് ചന്ദ്രബോസ് വധക്കേസില്‍ നിസാമിന് ലഭിച്ചത്. കുറ്റവാളിയാണ് ദിലീപ് എങ്കില്‍ മാതൃകാപരമായ ശിക്ഷ നല്‍കി കേരളത്തിന്റെ ചരിത്രത്തില്‍ സ്ത്രീപീഢനങ്ങള്‍ക്കെതിരെ പുതിയ അധ്യായം തുറക്കാന്‍ സാധിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
ഏറെ സവിശേഷതയുള്ള അറസ്റ്റാണ് നടിയെ ആക്രമിച്ച കേസില്‍ ഉണ്ടായത്. ഇതുപോലെയുള്ള കേസുകളില്‍ പ്രതികള്‍ രക്ഷപ്പെട്ടുപോവുകയോ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉയരുകയും ചെയ്യാറുണ്ട്. ഈ കേസിലും എന്റെ വിശ്വാസം ഇതായിരുന്നു. പിടിക്കപ്പെടാതെ പോകുമെന്നാണ് കരുതിയത്. കേരളത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്ത ശക്തമായ കാര്യങ്ങള്‍ ഈ കേസില്‍ സംഭവിച്ചിട്ടുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വനിതകളുടെ കൂട്ടായ്മ ഉരുത്തിരുഞ്ഞുവന്നുവെന്നതാണ് ഒന്ന്. സ്ത്രീകള്‍ക്കായി ഒരുപാട് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപ്പോഴൊന്നും അതിലേക്ക് ഇറങ്ങിവരാത്ത താരശോഭയുള്ള സ്ത്രീകളുടെ ബുദ്ധിപരമായ ഇടപെടലും ശക്തമായ നീക്കങ്ങളും ആണ് ഈ കേസില്‍ നിര്‍ണായകമായത്. വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ സിനിമാ മേഖലയിലേക്ക് വന്നതിന്റെ മാറ്റമാണിത്. സിനിമയിലേക്ക് വരുന്ന പെണ്‍കുട്ടി നഷ്ടപ്പെടാന്‍ തയ്യാറാകണമെന്ന മുന്‍കാല അനുഭവം ഇനി ആവര്‍ത്തിക്കില്ലെന്ന കൃത്യമായ ഇടപെടലും നീക്കവും ഉണ്ടായിക്കഴിഞ്ഞു. ഇത്തരം സംഭവങ്ങള്‍ തുറന്നുപറയണം എന്ന തിരിച്ചറിവിലേക്ക് കേരളം പോകുന്നുണ്ട്. മാധവിക്കുട്ടിയാണ് ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഡെറ്റോള്‍ ഒഴിച്ചുകഴുകിയാല്‍ മതിയെന്നും അവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ആദ്യമായി കേരളത്തില്‍ പറയുന്നത്. അത് വല്ലാത്ത ആശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് നമ്മള്‍ കേട്ടത്. ഈ കേസില്‍ എന്ത് സംഭവിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിനോടും പൊതുസമൂഹത്തോടും കൃത്യമായി തുറന്നുപറഞ്ഞു. ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും അഭിനയ രംഗത്തേക്ക് വരാന്‍ തയാറായി. കപടസദാചാരം നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഇത്തരം സംഭവങ്ങളെ പലരൂപത്തില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ അതൊന്നും വകവെക്കാതെ ധീരമായി അവള്‍ മുന്നോട്ടുവന്നപ്പോള്‍ കേരളം നല്‍കിയ വന്‍ സ്വീകരണം കാണണം. എന്താണ് സ്ത്രീകളോട് നമ്മുടെ സമൂഹത്തിനുള്ള നിലപാടെന്ന് അതിലൂടെ വ്യക്തമായി.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാത്തില്‍ ആയിരിക്കണം ഗൂഢാലോചന ഇല്ലെന്ന പിണറായിയുടെ പ്രതികരണം എന്ന് കരുതുന്നു. എന്തായാലും കേരള പൊലീസ് ശക്തമായ നിലപാടാണ് കേസില്‍എടുത്തത്. കേസ് കോടതിയില്‍ പോകുമ്പോള്‍ എന്ത് സംഭവിക്കും എന്നത് പ്രധാനമാണെന്നും സാറാ ജോസഫ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam