മത്തി മുങ്ങി; നഷ്ടം 150 കോടി

By Web DeskFirst Published Jul 8, 2016, 4:30 AM IST
Highlights

കൊച്ചി: പാവപ്പെട്ടവന്‍റെ ഇഷ്ട മത്സ്യം മത്തി കറിച്ചട്ടിയില്‍ നിന്നും മുങ്ങിയപ്പോള്‍ കഷ്ടത്തിലായത് സാധാരണക്കാര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരും. ഖജനാവിന് 150 കോടി രൂപ നഷ്ടമാക്കിയാണ് മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തി അടുക്കളകളില്‍ നിന്നും അപ്രത്യക്ഷമായത്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആര്‍.ഐ)ന്‍റെ പഠനറിപ്പോര്‍ട്ടിലാണ് മത്തിക്ഷാമം സംസ്ഥാന ഖജനാവിനെ ബാധിച്ചതെങ്ങനെയെന്ന് വിലയിരുത്തുന്നത്. സംസ്ഥാനത്തിന്‍റെ വരുമാന നഷ്ടം 150 കോടി രൂപയാണ്. ഒപ്പം മത്സ്യബന്ധന മേഖലയില്‍ 28 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടവും. മത്തിയുടെ വിലയില്‍ 60 ശതമാനത്തിന്‍റെ വര്‍ദ്ധനവും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ മത്തി ക്ഷാമം സാരമായി ബാധിച്ചതായും പഠനം വ്യക്തമാക്കുന്നു.

മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി  ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ സി.എം.എഫ്.ആര്‍.ഐയില്‍ വിളിച്ചു ചേര്‍ത്ത ഗവേഷണ സ്ഥാപനങ്ങളുടെ  യോഗത്തിലാണ് മത്തിക്ഷാമത്തെപ്പറ്റിയുള്ള വിശദ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചത്.

ജനകീയ മത്സ്യമായ മത്തിയുടെ ലഭ്യത കുറയുന്നതിനുള്ള കാരണങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.അതിര്‍ത്തി കടന്നുള്ള മത്സ്യബന്ധനം, പ്രജനനസമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുക്കല്‍ തുടങ്ങിയവയാണ് മത്തി കുറയുന്നതിനുള്ള പ്രധാന കാരണങ്ങള്‍. 2010-12 കാലയളവില്‍ വന്‍തോതില്‍ മത്തിക്കുഞ്ഞുങ്ങളെ പിടിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മത്തി കുറയാനിടയാക്കി. ഈ വര്‍ഷവും മത്തിവര്‍ധനക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മത്തിക്ഷാമത്തിന് പരിഹാരമായി മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ച് കടത്തുന്നതിനുള്ള  നിരോധം കൂടുതല്‍ ശക്തമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. മത്സ്യബന്ധന വലയുടെ നീളവും ആഴവും കുറക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു.

click me!