ജയിലില്‍ സ്വന്തം അടുക്കളയും തോഴിമാരും; ശശികലയ്ക്ക് രാജകീയ പരിചരണം

By Web DeskFirst Published Jul 13, 2017, 10:04 AM IST
Highlights

ബംഗലൂരു : അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ ശശികലക്ക് പരപ്പന അഗ്രഹാര ജയിലിൽ വിഐപി പരിഗണനയെന്ന് കർണാടക ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. ശശികലയെയും ഇളവരശിയെയും പാർപ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ഇവർക്കു മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശശികലക്കായി പ്രത്യേക അടുക്കളയടക്കമുളള സൗകര്യങ്ങളൊരുക്കാൻ ജയിൽ മേധാവിയുൾപ്പെടെ രണ്ട് കോടി കൈപ്പറ്റിയെന്ന് ആരോപണമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

പരപ്പന അഗ്രഹാര ജയിലിലെ ചട്ടലംഘനങ്ങൾ അക്കമിട്ട് നിരത്തിയാണ് കർണാടക ജയിൽ ഡിഐജി ഡി രൂപയുടെ റിപ്പോർട്ട്. ജൂലൈ പത്തിലെ ജയിൽ സന്ദർശനത്തിന് ശേഷമാണ്  ഡിജിപി ആർകെ ദത്തക്ക് അവർ റിപ്പോർട്ട് സമർപ്പിച്ചത്. ഗുരുതര ചട്ട ലംഘനങ്ങൾ ജയിലിൽ നടക്കുന്നതായി ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.  ശശികലയ്‍ക്കടക്കം ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളെക്കുറിച്ച് ഡിഐജി പറയുന്നത് ഇങ്ങനെ..

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷയനുഭവിക്കുന്ന ശശികലക്കും ഇളവരസിക്കും സെല്ലിനടുത്തായി പ്രത്യേക അടുക്കളയുണ്ട്. പാചകത്തിന് പ്രത്യേകം ആളുകളും. ഇത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണ്.രണ്ട്  കോടി രൂപ ഇതിനായി ജയിൽ മേധാവികൾ കൈപ്പറ്റിയെന്ന് ആരോപണമുണ്ട്. ഇക്കാര്യം ജയിൽ ഡയറക്ടർ ജനറലിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. സംഭവം അന്വേഷിച്ച് ഉടൻ കുറ്റക്കാരെ ശിക്ഷിക്കണം. ജയിൽ ഡിഐജി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

മുദ്രപ്പത്രക്കേസിൽ ശിക്ഷിക്കപ്പെട്ട അബ്ദുൾ കരീം തെൽഗിക്ക് ജയിലിൽ ആവശ്യമുളളതെല്ലാം ലഭിക്കുന്നുണ്ടെന്നും പ്രത്യേക അടുക്കള തെൽഗിക്കുമുണ്ടെന്നുമാണ് ഡിഐജിയുടെ കണ്ടെത്തൽ. മയക്കുമരുന്ന് ജയിലിൽ സുലഭമാണ്. തിങ്കളാഴ്ച പരിശോധിച്ച 25 തടവുകാരിൽ 18 പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെയൊരു റിപ്പോർട്ടയച്ചതായി ഡിഐജി ഡി രൂപ സ്ഥിരീകരിച്ചു.  അതേസമയം ഡിഐജിയുടെ ആരോപണങ്ങളെ ജയിൽ മേധാവി എച്ച് എൻ സത്യനാരായണ റാവു തളളി. ശശികലക്കെന്നല്ല ആർക്കും പരപ്പന ജയിലിൽ പ്രത്യേക സൗകര്യങ്ങളില്ലെന്നാണ് ജയിൽ ഡിജി സത്യനാരായണറാവു ആവർത്തിക്കുന്നത്. പരാതിയുണ്ടെങ്കിൽ ഡിജിപിക്കല്ല തനിക്കാണ് ഡിഐജി നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശശികലക്ക് ചട്ടങ്ങൾ മറികടന്ന് സന്ദർശകരെ കാണാൻ അനുമതി നൽകിയത് നേരത്തെ വിവാദമായിരുന്നു. പുറത്തുനിന്നുളള ഭക്ഷണം വേണമെന്നുൾപ്പെടെയുളള അവരുടെ ആവശ്യങ്ങൾ ജയിൽ വകുപ്പ് തളളിയെങ്കിലും പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളുമുണ്ടായി. ഇതിനിടെയാണ് ഇപ്പോൾ ജയിൽ ഡിഐജിയുടെ റിപ്പോർട്ട് വരുന്നത്.
 

click me!