എഡിഎംകെ എം പി ശശികല പുഷ്പയുടെ പുറത്താകല്‍; തമിഴകത്ത് പുതിയ വിവാദം

By Web DeskFirst Published Aug 2, 2016, 2:58 AM IST
Highlights

പുരട്ചി തലൈവി അമ്മയുടെ അനുഗ്രഹത്തോടെ എന്ന് പറഞ്ഞു കൊണ്ടാണ് സാധാരണ എഐഎഡിഎംകെ എംപിമാരെല്ലാവരും പാർലമെന്‍റിൽ പ്രസംഗം തുടങ്ങാറ്. എന്നാൽ പാർട്ടിയുടെ പരമോന്നത നേതാവായ മുഖ്യമന്ത്രി ജയലളിതയെ നേരിട്ട് കടന്നാക്രമിച്ചാണ് എം പി ശശികല പുഷ്പ രാജ്യസഭയിൽ പ്രസംഗിച്ചത്. പയസ് ഗാർഡനിൽ വിളിച്ചു വരുത്തിയ തന്നെ ജയലളിത മുഖത്തടിച്ചുവെന്ന് പറഞ്ഞ ശശി കല പുഷ്പ സഭയിൽ വിതുമ്പുകയും ചെയ്തു.

എന്നാൽ തിരുച്ചി ശിവയെ ദില്ലി വിമാനത്താവളത്തിൽ വെച്ച് ശശികല പുഷ്പ അടിച്ചത് വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് എഐഎഡിഎംകെ നേതൃത്വം പറയുന്നത്. ഇരുവരും തമ്മിലുണ്ടായിരുന്ന അടുപ്പത്തിൽ വിള്ളൽ വീണതിലെ അതൃപ്തി മൂലമാണ് ശശികല തിരുച്ചി ശിവയോട് മോശമായി പെരുമാറിയത്. 

ഇതിൽ വിശദീകരണം തേടാനാണ് ജയലളിത ശശികലയെ വിളിച്ചു വരുത്തിയതെന്നും നേതാക്കൾ പറയുന്നു. എന്നാൽ ഇതിനു തെളിവായി സാമൂഹ്യമാധ്യമങ്ങളിൽ പാർട്ടി അംഗങ്ങൾ പ്രചരിപ്പിയ്ക്കുന്ന ചിത്രങ്ങൾ ശശികല പുഷ്പ നിഷേധിച്ചു.

ജയലളിതയ്ക്കെതിരെയുള്ള പരാമർശങ്ങളിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ പ്രവർത്തകർ ചെന്നൈ അണ്ണാ നഗറിലുള്ള ശശികല പുഷ്പയുടെ വീട് ആക്രമിച്ച് ചില്ലുകൾ എറിഞ്ഞു തകർത്തു.
 

click me!