പനീർശെൽവത്തെ പുറത്താക്കും; അണ്ണാഡിഎംകെ പിളർപ്പിലേക്ക്

By Web DeskFirst Published Feb 8, 2017, 12:53 AM IST
Highlights

ചെന്നൈ: പനീർശെൽവത്തെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികല പറഞ്ഞു. അർദ്ധരാത്രി എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ച ശശികല മാധ്യമങ്ങളെക്കണ്ട് പിന്തുണ തനിക്കാണെന്ന് വ്യക്തമാക്കി. പനീർശെൽവത്തിനു പിന്നിൽ ഡി എം കെയാണെന്നും ശശികല ആരോപിച്ചു. പാർട്ടി ഒറ്റക്കെട്ടാണ്. ഒരു പ്രശ്നവുമില്ല. ഈ നിക്കത്തിനു പിന്നിൽ ഡി എം കെ ആണ്. പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും ശശികല പറഞ്ഞു.

തമിഴ്നാട്ടിൽ അണ്ണാ ഡി എം കെ രാഷ്ട്രീയം കലങ്ങി മറിയുന്നു. ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഒ പനീർശെൽവം രംഗത്തെത്തിയതോടെയാണ് നാടകീയമായ സംഭവങ്ങൾക്ക് തുടക്കമായത്. ജനസമ്മതിയുള്ളവരാണ് നേതൃസ്ഥാനത്ത് എത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ നിർബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്നും അനീതിക്കെതിരെ ഒറ്റയ്ക്ക് പോരാടുമെന്നും ഒ പി എസ് മാധ്യമങ്ങളോട് പറഞ്ഞു.

നാടകീയ സംഭവങ്ങൾകക്കാണ് തമിഴകം കഴിഞ്ഞ രാത്രി സാക്ഷ്യം വഹിച്ചത്. 10 മണിയോടെ ജയലളിതയുടെ സമാധിയിലെത്തിയ പനീർശെൽവം 40 മിനിറ്റോളം ധ്യാനത്തിലിരുന്നു തുടർന്ന് മാധ്യമങ്ങളെക്കണ്ട അദ്ദേഹം അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചെന്നും ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും പറഞ്ഞു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും നിർബന്ധിച്ച് രാജി വയ്പ്പിച്ചതാണ്. എം എൽ എ മാരുടെ യോഗം വിളിച്ചതു പോലും താനറിഞ്ഞില്ല. മുഖ്യമന്ത്രിയാക്കി തന്നെ അപഹാസ്യനാക്കി. മന്ത്രിസഭയിലുള്ളവർ തന്നെ അപമാനിച്ചു. ഇത് ശരിയാണോ? എന്തിനാണ് എന്നെ ഇങ്ങനെ അപമാനിക്കുന്നതെന്നും പനീർശെൽവം ചോദിച്ചു. പാർട്ടിയെ പിളർത്തലല്ല ഉദ്ദേശമെന്നും ഒറ്റയ്ക്ക് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പനീർശെൽവത്തിന്റെ പാത പിന്തുടർന്നാൽ ഒരു പിളർപ്പിലേക്കാകും അത് വഴിവയ്ക്കുക.

click me!