നന്ദി കാണിക്കാത്തത് താനല്ല; കൊട്ടാരത്തില്‍ നിന്ന് ഉപ്പും ചോറും തിന്നത് കമ്മ്യൂണിസ്റ്റുകളെന്ന് ശശികുമാര വര്‍മ്മ

By Web TeamFirst Published Dec 31, 2018, 6:42 PM IST
Highlights

ശാന്തിക്കാരന്‍റെ മകനായി ജനിച്ച താന്‍ പിഎസ്‍സി പരീക്ഷയെഴുതിയാണ് സെക്രട്ടറിയേറ്റില്‍ ജോലിക്ക് കയറിയത്. അല്ലാതെ പന്തളം കൊട്ടാരത്തിന്‍റെ പ്രതിനിധിയായല്ല. മുപ്പത് വര്‍ഷം അവിടെ ജോലി ചെയ്ത് പിരിഞ്ഞത് നല്ല സന്തോഷത്തോടെയാണ്. അങ്ങനെയുള്ള ഒരാളോടാണ് ഉണ്ട ചോറിനും ഉപ്പിനും നന്ദി കാണിക്കണമെന്ന് പറയുന്നത്

തിരുവനന്തപുരം: പന്തളം കൊട്ടാരത്തില്‍ നിന്ന് ഒരുപാട് ഉപ്പും ചോറും തിന്നതിന്‍റെ ചരിത്രം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പറയാനുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്‍റ്  ശശികുമാര വര്‍മ. തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രമെഴുതിയ പുസ്തകങ്ങള്‍ പിന്നോട്ട് പരിശോധിച്ചാല്‍  അറയിലും തട്ടിന്‍പുറത്തുമെല്ലാം ഒളിപ്പിച്ച് പൊലീസില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളത് പന്തളം കൊട്ടാരമാണെന്ന് കാണാം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഉപ്പും ചോറും കൊടുത്തിട്ടുള്ളതാണ് പന്തളം കൊട്ടാരം. ഇപ്പോള്‍ കൊട്ടാരത്തെ ചീത്ത പറയുന്ന നേതാക്കള്‍ക്ക്  കൊടുത്ത അത്രയും ഉപ്പും ചോറും തനിക്ക് കുടുംബത്തില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും ശശികുമാര വര്‍മ പറഞ്ഞു. അഖില കേരള തന്ത്രി മണ്ഡലത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നേരത്തെ, ശബരിമല വിഷയത്തില്‍ രാജകുടുംബത്തിനും പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ രംഗത്ത് വന്നിരുന്നു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്‍റ്  ശശികുമാര വര്‍മ്മ മുന്‍ എസ്എഫ്ഐക്കാരനാണെന്നും അന്ന് പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നയാള്‍ ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുകയാണെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

ഇന്നും തന്‍റെ കുടുംബത്തില്‍ വന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാണെന്ന് പറഞ്ഞാല്‍ 99 വയസും പത്ത് മാസവും പ്രായമുള്ള തമ്പുരാട്ടി വന്ന് നന്നായി വരട്ടേയെന്ന് അനുഗ്രഹിക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു. എന്നാല്‍, സിപിഎം ആണെന്നും സിപിഐ ആണെന്നും പറഞ്ഞാല്‍ ഇറങ്ങി പോകാന്‍ പറയും.

ശാന്തിക്കാരന്‍റെ മകനായി ജനിച്ച താന്‍ പിഎസ്‍സി പരീക്ഷയെഴുതിയാണ് സെക്രട്ടറിയേറ്റില്‍ ജോലിക്ക് കയറിയത്. അല്ലാതെ പന്തളം കൊട്ടാരത്തിന്‍റെ പ്രതിനിധിയായല്ല. മുപ്പത് വര്‍ഷം അവിടെ ജോലി ചെയ്ത് പിരിഞ്ഞത് നല്ല സന്തോഷത്തോടെയാണ്. പത്ത് വര്‍ഷക്കാലം ഒരു മന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറിയായി ഇരിക്കാനുള്ള ഭാഗ്യവുമുണ്ടായി. അങ്ങനെയുള്ള തന്നോടാണ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഉപ്പും ചോറും കഴിച്ചതിന് നന്ദി പറയണമെന്ന് പറയുന്നതെന്നും ശശികുമാര വര്‍മ കൂട്ടിച്ചേര്‍ത്തു.

click me!