രാജാവില്ലാതെ പിന്നെന്തിനാണ് മന്ത്രിയെന്ന് പന്തളം രാജപ്രതിനിധി

By Web TeamFirst Published Oct 24, 2018, 2:29 PM IST
Highlights

രാജാവിനെ തള്ളിപ്പറഞ്ഞത് മന്ത്രിയാണെന്നും പന്തളം കൊട്ടാരത്തിൽ ആരും മന്ത്രിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ. രാജാവില്ലാത്തിടത്ത് പിന്നെന്തിനാണ് മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. 

പന്തളം: രാജാവിനെ തള്ളിപ്പറഞ്ഞത് മന്ത്രിയാണെന്നും പന്തളം കൊട്ടാരത്തിൽ ആരും മന്ത്രിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ. രാജാവില്ലാത്തിടത്ത് പിന്നെന്തിനാണ് മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയുടെ മേൽ പന്തളം രാജകുടുംബത്തിന് ഉടമസ്ഥാവകാശമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിന് മറുപടി പറയാൻ പന്തളം കൊട്ടാരത്തിൽ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം. എന്നാൽ അക്കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല എന്നും ശശികുമാര വർമ്മ പറഞ്ഞു.

ശബരിമലയിലെ നടവരവോ വരുമാനമോ വേണമെന്ന് ഇതുവരെ പന്തളം കൊട്ടാരം ആവശ്യപ്പെട്ടിട്ടില്ല. അഞ്ചുകൊല്ലം കൂടുമ്പോൾ മാറുന്നതല്ല കൊട്ടാരത്തിന് ശബരിമലയുമായി ഉള്ള ബന്ധം. എന്നാൽ പന്തളം കൊട്ടാരത്തിന് കിട്ടേണ്ട അവകാശങ്ങൾ കിട്ടണമെന്നും രാജപ്രതിനിധി പറ‍ഞ്ഞു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് രാജാവിനുണ്ടായിരുന്ന അവകാശം 1949ലെ കവനന്‍റ് പ്രകാരം ദേവസ്വം ബോർഡിന് കൈമാറിയതായി പന്തളം രാജപ്രതിനിധി സമ്മതിക്കുന്നു. 

എന്നാൽ 1949ൽ തിരുവിതാംകൂർ രാജാവുമായി ഉണ്ടാക്കിയ കവനന്‍റ് ഉടമ്പടിയിൽ പന്തളം രാജകുടുംബത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച് വ്യക്തമായ മറുപടി പറയാൻ ശശികുമാര വർമ്മയ്ക്ക് കഴിഞ്ഞില്ല.  ക്ഷേത്രാചാരങ്ങൾ മാറ്റമില്ലാതെ തുടരണമെന്ന് കവനന്‍റിൽ വ്യവസ്ഥയുണ്ട്. പക്ഷേ ദേവസ്വം ബോർഡ് അത് ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നതെന്ന് ശശികുമാര വർമ്മ പറഞ്ഞു.

ഇപ്പോഴും കവനന്‍റ് എന്താണെന്ന് ആർക്കും അറിയില്ല. ഇത്രയും നാൾ കവനന്‍റ് എന്നൊരു വാക്ക് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കവനന്‍റ് പ്രകാരം ശബരിമല ക്ഷേത്രത്തിൽ പന്തളം രാജകുടുംബത്തിന് അധികാരമുണ്ട് എന്നായിരുന്നു ഇന്നലെ രാജപ്രതിനിധിയുടെ വാദം. തിരുവനന്തപുരത്ത് ചെന്ന് അന്വേഷിച്ചാൽ അതിന്‍റെ വിശദാംശങ്ങൾ കിട്ടുമെന്നും ഇന്നലെ ശശികുമാര വർ‍മ്മ പറഞ്ഞിരുന്നു. ക്ഷേത്രം ഒരു ഭരണാധികാരിയുടേയും അല്ലെന്നും ഭക്തന്‍റേതാണെന്നും രാജപ്രതിനിധി ഇന്ന് നിലപാട് മയപ്പെടുത്തി.

click me!