
റിയാദ്: തുർക്കിയിൽ നിന്ന് കാണാതായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി സൗദി രാജകുമാരനുമായി ബന്ധമുള്ള രണ്ട് ഉന്നത ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെ സർവ്വീസിൽനിന്ന് സൗദി പുറത്താക്കി.
ജമാൽ ഖഷോഗിയുടെ മരണത്തെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ധം മുറുകുന്നതിനിടെയാണ് സൗദിയുടെ കുറ്റസമ്മതം. രാജ്യത്തെ ഔദ്യോഗിക ചാനലാണ് മരണ വിവരം പുറത്തുവിട്ടത്. ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് മർദ്ദനത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും 18 സൗദി അറേബ്യൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്‍റെ അടുത്ത അനുയായികളായ രണ്ട് ഉന്നത ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെ സർക്കാർ പുറത്താക്കി. ഡെപ്യൂട്ടി ഇന്‍റലിജൻസ് മേധാവി അഹമ്മദ് അൽ അസിറി, സൗദ് അൽ ഖഹ്താനി എന്നിവർക്കെതിരെയാണ് നടപടി. ഇരുവർക്കെതിരെയും അന്വേഷണം ഉണ്ടായേക്കും. സംഭവം അന്വേഷിക്കാൻ പ്രത്യേക മന്ത്രി തല സംഘത്തെ നിയോഗിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്‍റലിജൻസ് സംഘത്തെ മാറ്റാനും ഉത്തരവിട്ടു. ഖഷോഗിയുടെ തിരോധാനത്തിന് ശേഷം ഇതാദ്യമായാണ് സൗദി മരണം സ്ഥിരീകരിക്കുന്നത്.
ഖഷോഗിയെ സൗദി വധിച്ചതാണെന്ന് നേരത്തെ തുർക്കി ആരോപിച്ചിരുന്നു. കൊലപാതകത്തിൽ സൗദിയുടെ പങ്ക് തെളിഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സൂചിപ്പിച്ചിരുന്നു. സൗദി തന്നെ മരണം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ എന്ത് പ്രത്യാഘാതമാണ് ഉണ്ടാവുകയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സൗദി രാജകുമാരന്‍റെ കടുത്ത വിമർശകനായിരുന്നു സൗദി പൗരനായ ജമാൽ ഖഷോഗി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam