സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാം

Published : Jul 13, 2017, 11:13 PM ISTUpdated : Oct 05, 2018, 12:39 AM IST
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാം

Synopsis

റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  സൗദിയില്‍ ശമ്പളം വൈകിയാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുള്‍പ്പെടെ പതിമൂന്ന് കാരണങ്ങളാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴിലാളികള്‍ക്ക് അനുമതി ലഭിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വീട്ടുവേലക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായ മൂന്നു മാസം ശമ്പളം വൈകിയാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറി പുതിയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്യാമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുള്‍പ്പെടെ പതിമൂന്ന് കാരണങ്ങളാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ പുതിയ ഉത്തരവ് പ്രകാരം അവസരം ഉണ്ടാകും. തൊഴില്‍ മന്ത്രി അലി ബിന്‍ നാസര്‍ അല്‍ ഗഫീസ് ഇത് സംബന്ധമായ ഉത്തരവില്‍ ഒപ്പ് വെച്ചു. 

ശമ്പളം വൈകാന്‍ കാരണം സ്‌പോണ്‍സര്‍ ആണെങ്കിലാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി നല്‍കുക. പുതിയ വിസയില്‍ സൗദിയില്‍ എത്തുന്ന വേലക്കാരെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ വിമാനത്താവളത്തില്‍ എത്താതിരിക്കുക, പ്രവേശന കവാടത്തിലുള്ള അഭയ കേന്ദ്രത്തില്‍ നിന്നും വേലക്കാരെ പതിനഞ്ചു ദിവസത്തിനകം കൊണ്ടു പോകാതിരിക്കുക തുടങ്ങിയ കാരണങ്ങളാലും സ്‌പോണ്‍സര്‍ഷിപ്പ് മാറാം. 

താമസ രേഖയായ ഇഖാമ ഒരു മാസത്തിനുള്ളില്‍ ഇഷ്യൂ ചെയ്യാതിരിക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യുക, തൊഴിലാളിയുടെ അനുമതി ഇല്ലാതെ മറ്റുള്ളവര്‍ക്ക് കീഴില്‍ ജോലി ചെയ്യിപ്പിക്കുക, ആരോഗ്യത്തിനു ഭീഷണിയായ രീതിയില്‍ അപകടകരമായ ജോലികള്‍ ചെയ്യിപ്പിക്കുക, തൊഴിലാളികളെ ശാരീരികമായോ മറ്റോ ഉപദ്രവിക്കുക തുടങ്ങിയവയും നിലവിലുള്ള സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം നല്‍കുന്ന കാരണങ്ങളാണ്. 

തൊഴിലാളികള്‍ക്കെതിരെ തൊഴിലുടമ തെറ്റായ പരാതി നല്‍കുക, തൊഴിലുടമക്കെതിരെ തൊഴിലാളി നല്‍കിയ കേസില്‍ തുടര്‍ച്ചയായ രണ്ട് തവണ തൊഴിലുടമ വിചാരണയ്ക്ക് ഹാജരാകാതിരിക്കുക തുടങ്ങിയ കാരണങ്ങളാലും വേറെ ജോലി കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറാം. ഇത്തരം കേസുകളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള ചെലവും, അഭയ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ചെലവുകളും പുതിയ സ്‌പോണ്‍സര്‍ വഹിക്കണമെന്നും മന്ത്രാലയം അറിയിച്ചു. അഭയ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നതിനു നൂറ്റിയമ്പത് റിയാലായാണ് ഒരു തൊഴിലാളിക്ക് ഒരു ദിവസം ഈടാക്കുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'