സൗദി വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം രാത്രി 9 മണിവരെയാക്കുന്നു

By Web DeskFirst Published Jul 21, 2016, 6:46 PM IST
Highlights

റിയാദ്: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം രാത്രി 9 മണിവരെയാക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് അംഗീകാരത്തിനായി സമര്‍പ്പിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്തെ വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളുടെയും മറ്റിതര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തി സമയം രാത്രി 12 വരെയും അവധി ദിവസങ്ങളിൽ പുലർച്ചെ ഒരു മണിവരേയും അനുവദിക്കും.

സ്വദേശി യുവാക്കളെ വാണിജ്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം 
രാത്രി 9 മണിവരെയാക്കി ചുരുക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സൗദിയുടെ വിവിധ മേഖലകളില്‍ നിന്നും പൊതുജനാഭിപ്രായം സ്വരൂപിച്ചു ഉന്നത കേന്ദ്രത്തിനു സമര്‍പ്പിച്ചതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി അറിയിച്ചു.

രാത്രി 9 നു കടകളടക്കുന്നതു സംബന്ധിച്ചു സൗദിയുടെ വിവധ മേഖലകളിലുള്ള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അധികൃതരും മറ്റു പ്രമുഖരും വിത്യസ്ഥ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപതിന് അടക്കുന്നതിനെ 49 ശതമാനം പേരും അനുകൂലിക്കുന്നതായി ഇതുമായി ബന്ധപ്പെട്ടു നടത്തിയ അഭിപ്രായ സർവ്വേയിൽ കണ്ടെത്തി.

അങ്ങാടി സമയം രാത്രി 9 മണിവരെയാക്കുന്ന നിയമം നടപ്പാക്കുന്നത്  സ്ഥാപനയുടമകള്‍ക്കു വലിയ നഷ്ടത്തിനു ഇടയാക്കുമെമെന്നാണ് ചിലരുടെ വാദം. എന്നാൽ ഇതു പ്രാബല്യത്തിൽ വന്നാൽ സ്വദേശി യുവാക്കള്‍ക്കു ഈ മേഖലയിലേക്കു കടന്നുവരുന്നതിനു അവസരമൊരുങ്ങുമെന്നും ഇതു സമുഹത്തിനു ഗുണകരാമാകുമെന്നുമാണ് ചിലരുടെ അഭിപ്രായം.

മക്കയിലെ വിശുദ്ധ ഹറമിനും മദീനയിലെ മസ്‌ജിദുന്നബവിക്കും സമീപമുള്ള വ്യാപാര സ്ഥാപനങ്ങളെ ഈ നിയമത്തിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളുടെയും മറ്റിതര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തി സമയം രാത്രി 12 വരെയും അവധി ദിവസങ്ങളിൽ പുലർച്ചെ ഒരു മണിവരേയും അനുവദിക്കുമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ നേരത്തെ അറിയിച്ചിരുന്നു.
 

click me!