നിതാഖാത്; സ്വാകാര്യ സ്ഥാപനങ്ങളുടെ നിലവാരമിടിയ്ക്കുമെന്ന് സൗദി സര്‍ക്കാര്‍

By Web DeskFirst Published Nov 25, 2016, 6:52 PM IST
Highlights

ജിദ്ദ: സൗദിയില്‍ പുതിയ നിതാഖാത് പദ്ധതി നിലവില്‍ വരുന്നതോടെ പല സ്വകാര്യ സ്ഥാപനങ്ങളുടേയും നിലവാരം  ഇടിയാന്‍ സാധ്യതയുണ്ടെന്ന് തൊഴില്‍ സഹമന്ത്രി. സ്വദേശിവത്കരണം ലക്ഷ്യമാക്കുന്ന പുതിയ പദ്ധതി സ്വകാര്യ മേഖലയിലുള്ള വിദേശികളേയും പ്രതികൂലമായി ബാധിക്കും.  ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തേക്കാളുപരി അവരുടെ പദവിക്കും തൊഴില്‍ സാഹചര്യത്തിനും പ്രാധാന്യം നല്‍കുന്നതാണ് പുതിയ സ്വദേശീവല്‍ക്കരണ പദ്ധതിയായ സന്തുലിത നിതാഖാത്.

നിലവില്‍ ഉയര്‍ന്ന കാറ്റഗറിയിലുള്ള പല സ്വകാര്യ സ്ഥാപനങ്ങളും ഡിസംബര്‍ 11ന് പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ താഴ്ന്ന കാറ്റഗറിയിലേക്ക് മാറുമെന്നു തൊഴില്‍ സഹമന്ത്രി അഹമദ് ഖത്താന്‍ പറഞ്ഞു. സൗദിവല്‍ക്കരണത്തിന്റെ തോത്, സൗദികളുടെ ശമ്പളം, സൗദി വനിതാ ജീവനക്കാരുടെ എണ്ണം, ഭിന്നശേഷിയുള്ളവരുടെ എണ്ണം, ജോലിസ്ഥിരത, ജോലി ചെയ്യുന്ന തസ്തിക തുടങ്ങിയവക്കനുസരിച്ചായിരിക്കും സ്ഥാപനങ്ങളുടെ പദവി നിര്‍ണയിക്കുക. കൂടുതല്‍ സൗദികള്‍ക്ക് ജോലി നല്‍കുന്നതോടൊപ്പം ഗുണനിലവാരം കൂടി വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

ഇതുപ്രകാരം കൂടുതല്‍ സൌദികളെ ജോലിക്ക് വെച്ച് നേരത്തെ പച്ചയുള്പ്പെടെ ഉയര്‍ന്ന വിഭാഗങ്ങളില്‍ ഇടം നേടിയിരുന്ന സ്ഥാപനങ്ങള്‍ പലതും ഇളം പച്ചയോ മഞ്ഞയോ വിഭാഗങ്ങളിലേക്ക് തരം താഴാന്‍ സാധ്യതയുണ്ട്. ഭിന്നശേഷിയുള്ള ഒരു സൗദിയെ എല്ലാ സൗകര്യങ്ങളോടും കൂടി ജോലിക്ക് വെച്ചാല്‍ നാല്‌ സൌദി ജീവനക്കാരായി കണക്കാക്കും. ഒഴിവുള്ള തസ്തികകളെ കുറിച്ച വിവരം കമ്പനികള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രണ്ടാഴ്ചയെങ്കിലും പരസ്യപ്പെടുത്തണം.

രണ്ടാഴ്ച്ചക്കിടയില്‍ യോഗ്യതയുള്ള സൌദികളെ കിട്ടിയില്ലെങ്കില്‍ മാത്രമേ വിദേശ തൊഴിലാളികളെ ആശ്രയിക്കാന്‍ പാടുള്ളൂ എന്ന് മന്ത്രി പറഞ്ഞു. തുടര്‍ച്ചയായ ആറു മാസം എല്ലാ ആഴ്ചകളിലും സ്ഥാപനങ്ങളിലെ സ്വദേശീവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം വിലയിരുത്തും. പദ്ധതി നടപ്പിലാക്കുന്നതിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് നിശ്ചിത പോയിന്റുകള്‍ നല്‍കും. ആയിരം പോയിന്‍റ് കരസ്ഥമാക്കുന്ന സ്ഥാപനങ്ങളില്‍ നൂറു ശതമാനവും സ്വദേശീവല്‍ക്കരണം നടപ്പിലായതായി കണക്കാക്കും.

click me!