കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന വൈത്തിരി എസ്എച്ച്ഒ അനിൽകുമാർ കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കൽപ്പറ്റ: വയനാട്ടിൽ എസ്എച്ച്ഒയും പൊലീസ് ഉദ്യോഗസ്ഥരും കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ വൈത്തിരി എസ്എച്ച്ഒ അനിൽകുമാറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന അനിൽകുമാർ ക്രൈം ബ്രാഞ്ചിന് മുൻപിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വൈത്തിരി സ്റ്റേഷനിലെ സിഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കുഴൽപ്പണം തട്ടിയെടുത്ത സംഭവം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അനിൽകുമാറിന് പുറമെ എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തിരുന്നത്. പിടിച്ചെടുത്ത കുഴൽപ്പണം റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ഉത്തര മേഖലാ ഐജി രാജ്‌പാൽ മീണ നാല് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്‌തത്. ഉദ്യോഗസ്ഥർക്കെതിരെ കവർച്ചക്ക് കേസെടുത്തിരുന്നു.
2025 സെപ്റ്റംബർ 15നാണ് പൊലീസുകാർ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ചുണ്ടേൽ സ്വദേശി കൊണ്ടുവന്ന 3.3 ലക്ഷം രൂപയാണ് വൈത്തിരി പൊലീസ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികൾക്ക് കൈമാറാനായി കൊണ്ടുവന്ന പണം പിടിച്ചെടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടരന്വേഷണവും നടന്നില്ല. ഇതോടെ ചുണ്ടേൽ സ്വദേശി ജില്ലാ പൊലീസിന് പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയുമായിരുന്നു.


