സല്‍മാന്‍ രാജാവിന്റെ ഒരുമാസം നീളുന്ന ഏഷ്യന്‍ പര്യടനം ആരംഭിച്ചു

By Web DeskFirst Published Feb 26, 2017, 8:28 PM IST
Highlights

ഒരു മാസം നീണ്ടു നില്‍ക്കുന്ന വിദേശ പര്യടനത്തിനാണ് സൗദി ഭരണാധികാരി സല്‍മാന്‍രാജാവ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. രാവിലെ ക്വാലാലം‌പൂരില്‍ എത്തിയ രാജാവിനെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. മൂന്നു ദിവസം നീളുന്ന മലേഷ്യന്‍ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെക്കും. തുടര്‍ന്ന് ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന രാജാവ് രണ്ടാഴ്ചയോളം അവിടെ തങ്ങും. 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സൗദി ഭരണാധികാരി ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. 2500 കോടി റിയാലിന്റെ സൗദി നിക്ഷേപം രാജാവിന്റെ സന്ദര്‍ശനം വഴി ഇന്തോനേഷ്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

വന്‍തോതില്‍ ഹജ്ജ് തീര്‍ഥാടകരെയും ഗാര്‍ഹിക തൊഴിലാളികളെയും സൗദിയില്‍ എത്തിക്കുന്ന ഇന്തോനേഷ്യയുമായി ചരിത്രപരമായ പല കരാറുകളും രാജാവ് ഒപ്പുവെക്കുമെന്നാണ് സൂചന. തുടര്‍ന്ന് ബ്രൂണെ, ചൈന, ജപ്പാന്‍, മാലദ്വീപ് എന്നിവിടങ്ങളില്‍ രാജാവ് ഔദ്യോഗിക സന്ദര്‍ശനം നടത്തും. എണ്ണ കയറ്റുമതി, വാണിജ്യം, മാനവ വിഭവശേഷി, വിദ്യാഭ്യാസം, ഐ.ടി, സൈനിക സഹകരണം തുടങ്ങി വിവിധ മേഖലകളില്‍  രാജ്യങ്ങളുമായി രാജാവ് ചര്‍ച്ച നടത്തും. ഏഷ്യന്‍രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്‌ഷ്യം. മാലദ്വീപില്‍നിന്ന് മാര്‍ച്ച് ഇരുപതിയെഴിനു അറബ് ഉച്ചകോടിയില്‍പങ്കെടുക്കാനായി രാജാവ് ജോര്‍ദാനിലെക്ക് പോകും. അറബ് ഉച്ചകോടിക്ക് ശേഷം സൗദിയില്‍ തിരിച്ചെത്തും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം 600ഓളം പേരാണ് രാജാവിനെ അനുഗമിക്കുന്നത്.

click me!