
യെമന്‍: യെമനിൽ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ അറുപത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 29 പേർ കുട്ടികളാണ്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയാണ് യെമനിൽ ആക്രമണം നടത്തുന്നത്. യെമനിലെ ഹൂത്തി വിമതർക്കെതിരാണ് ആക്രമണമെന്നാണ് സൗദിയുടെ വിശദീകരണം. എന്നാൽ ഇന്നലെ വൈകുന്നേരം യെമനിലെ സാദാ പ്രവിശ്യയിലെ തിരക്കേറിയ നഗര ഭാഗത്തൂടെ കടന്നു പോവുകയായിരുന്ന സ്കൂൾ ബസിനു നേരെയാണ് വ്യോമാക്രമണം നടന്നത്.
ആക്രമത്തിൽ ബസിലുണ്ടായിരുന്ന 29 കുട്ടികൾ മരിച്ചു. ആക്രമണം നടന്ന ഭാഗത്തുണ്ടായിരുന്ന മറ്റ് മുപ്പത്തിയൊന്ന് സാധാരണ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളെല്ലാം പതിനഞ്ച് വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളാണ്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന കുട്ടികളെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പലരുടെയും ശരീരഭാഗങ്ങൾ ചിന്നഭിന്നമായ അവസ്ഥയിലാണ്. അതിനാൽ തന്നെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് റെഡ്ക്രോസ്.
എന്നാൽ ആക്രമണത്തെപ്പറ്റി സൗദി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ അറബ് സഖ്യസേനയുടെ ആക്രമണത്തിൽ യെമനിലെ സാധാരണക്കാർക്ക് വ്യാപകമായി പരിക്കേറ്റതിനെത്തുടർന്ന് സൗദിക്കെതിരെ വ്യാപക പ്രതിഷേധമാണ് യെമനിൽ ഉയരുന്നത്. യെമൻ തലസ്ഥാനമായ സനായിലും കഴിഞ്ഞ രാത്രിയിൽ അറബ് സഖ്യസേന ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam