
സൗദിയില്‍ പ്രത്യേക ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധികനികുതി അടുത്ത മാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരും. 50 മുതല്‍ 100 ശതമാനം വരെയാണ് നികുതി ഈടാക്കുക.
പുകയില ഉല്‍പ്പന്നങ്ങള്‍, എനര്‍ജി പാനീയങ്ങള്‍, കാര്‍ബണയ്സ്ഡ് പാനീയങ്ങള്‍ തുടങ്ങി ഏതാനും ചില ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി ഈടാക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് അമ്പത് മുതല്‍ നൂറു ശതമാനം വരെ നികുതി ഈടാക്കും.
സൗദിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരുമെന്ന് ഇന്‍കം ടാക്സ് അതോറിറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച വിവരം എത്രയും പെട്ടെന്ന് പുതുക്കാന്‍ സ്ഥാപനങ്ങളോട് സകാത്ത് ആന്‍ഡ് ഇന്‍കം ടാക്സ് അതോറിറ്റി നിര്‍ദേശിച്ചു. ആരോഗ്യത്തിനു ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കാനാണ് തീരുമാനം. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും പവര്‍ ഡ്രിങ്ക്സിനും നൂറു ശതമാനം വരെ നികുതി ഈടാക്കും. കുട്ടികളെയും, കൌമാരക്കാരെയും ആകര്‍ഷിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരുല്‍സാഹപ്പെടുത്തണം എന്നാണു ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ ധാരണ.
അതേസമയം അടുത്ത വര്‍ഷം മുതല്‍ ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത മൂല്യ വര്‍ധിത നികുതി നടപ്പിലാക്കും. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ജി.സി.സി രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നത്. അഞ്ച് ശതമാനം വരെയാണ് വാറ്റ് ഏര്‍പ്പെടുത്തുക. നേരത്തെ 192 ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി സബ്സിഡി സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam