സൗദിയില്‍ വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കും

By anuraj aFirst Published Apr 14, 2016, 7:17 PM IST
Highlights

നിശ്ചിത സമയ പരിധിക്കകം ടെലികോം കമ്പനികളെ സമീപിച്ച് വിരലടയാളം നല്കാത്ത ഉപഭോക്താക്കളുടെ മൊബൈല്‍ സിം കാര്‍ഡുകള്‍ മരവിപ്പിക്കും. ബയോമെട്രിക് വിവരങ്ങള്‍ നല്‍കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ 15 ദിവസത്തേക്കു റദ്ദു ചെയ്യാനാണ് തീരുമാനം. അതിനു ശേഷവും വിരലടയാളം നല്‍കാത്തവരുടെ സിം കാര്‍ഡുകള്‍ കമ്പനി റദ്ദു ചെയ്യും. പ്രീ പെയ്ഡ് സര്‍വീസായ സവയുടെ ഉപഭോക്താക്കള്‍ക്ക് വിരലടയാളം നല്‌കേണ്ട സമയ പരിധി ഈ മാസം 17 ല്‍ നിന്ന് നീട്ടില്ലെന്ന് സൗദി ടെലികോം കമ്പനി അധികൃതര്‍ അറിയിച്ചു.

അതേസമയം പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുകള്‍ക്ക് സമയ പരിധി നിശ്ചയിട്ടില്ല. കഴിഞ്ഞ ഫെബ്രവരി 21 മുതലാണ് രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്കും വിരലയാളം നല്‍കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത്. അഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് മൊബൈല്‍ ഫോണ്‍ വരിക്കാരുടെ വിരലടയാളം സിം കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കെഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്തിന്റെ സുരക്ഷയും മറ്റു സാമുഹ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് മൊബൈല്‍ കണക്ഷനുകള്‍ക്കു വിരലടയാളം നിര്‍ബന്ധമാക്കിയത്.

click me!