സൗദിയിലെ സര്‍വ്വകലാശാല വനിതാ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങുന്നു

By Web DeskFirst Published Oct 2, 2017, 12:08 AM IST
Highlights

ജിദ്ദ: സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തയ്യാറെടുപ്പുകള്‍ വിവിധ വകുപ്പുകള്‍ നടത്തി വരികയാണ്. അടുത്ത ജൂണ്‍ മാസത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.

സെപ്റ്റംബര്‍ ഇരുപത്തിയാറിനാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് ഉണ്ടായത്. ചരിത്രപരമായ ഈ ഉത്തരവ് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ വിവിധ വകുപ്പുകള്‍. വനിതാ ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ജിദ്ദയിലെ പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി അറിയിച്ചു. വനിതാ ഡ്രൈവിംഗ് സ്‌കൂള്‍, വനിതാ ട്രാഫിക് വിഭാഗം തുടങ്ങിയവ വൈകാതെ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് പ്രത്യേക ടെസ്റ്റ് ഇല്ലാതെ തന്നെ സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമെന്നാണ് സൂചന. ആയിരക്കണക്കിന് സൗദി വനിതകള്‍ക്ക് ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനും ട്രാഫിക് നിയമം പരിഷ്‌കരിക്കാനും സജ്ജമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്‍ഷുറന്‍സ് കമ്പനികളും ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തി വരികയാണ്. അടുത്ത വര്‍ഷം ജൂണ്‍ ആകുമ്പോഴേക്കും രാജാവിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പഠന റിപ്പോര്‍ട്ട് ഒരു മാസത്തിനകം തയ്യാറാക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വീട്ടു ഡ്രൈവര്‍മാരുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം വിദേശികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ആറു ലക്ഷത്തോളം വീട്ടു ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിലെ വനിതാ തൊഴില്‍ പദ്ധതി വിഭാഗത്തിന്റെ വിലയിരുത്തല്‍. പല സ്വകാര്യ സ്ഥാപനങ്ങളും, ടാക്‌സി കമ്പനികളും വനിതാ ഡ്രൈവര്‍മാരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണു റിപ്പോര്‍ട്ട്.  അതേസമയം വാഹനമോടിക്കുന്ന വനിതകളെയും അവരുടെ വാഹനങ്ങളും ആക്രമിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ സൗദി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

Latest Videos

click me!