കുവൈറ്റിലെ വിദേശികളുടെ ചികില്‍സാനിരക്ക് വര്‍ദ്ധന പ്രാബല്യത്തിലായി

By Web DeskFirst Published Oct 2, 2017, 12:02 AM IST
Highlights

കുവൈറ്റില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ചികിത്സാ നിരക്കു വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തിലായി. എന്നാല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തുന്ന വിദേശികളെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അത്യാഹിത വിഭാഗത്തിലും ഗുരുതരാവസ്ഥയിലും ചികിത്സ തേടിയെത്തുന്നവരെ ഫീസ് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ആശുപത്രികളിലേക്കും ക്ലളിനിക്കുകളിലേക്കും നല്‍കിയതായി ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹാര്‍ബി പ്രസ്താവനയില്‍ വ്യക്തമാക്കി. ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന ഓരോ കേസും പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കാന്‍ ആശുപത്രി മാനേജര്‍മാര്‍ക്കും വാര്‍ഡ് മേധാവികള്‍ക്കും അധികാരവും നല്‍കി. ആരോഗ്യ മേഖലയില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാണ് ഫീസ് വര്‍ധന നടപ്പാക്കിയത്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് കൂടിയ നിരക്കില്‍ ചികിത്സ നല്‍കും. വാര്‍ഷിക മെഡിക്കല്‍ ഇന്‍ഷുറന്‍സ് 50 ദിനാറായി തുടരും. ആശ്രിതരായ ഭാര്യമാര്‍ക്ക് 40 ദിനാറും ഓരോ കുട്ടികള്‍ക്കും 30 ദിനാര്‍ വീതവുമുള്ള ഫീസിലും മാറ്റം വരുത്തിയിട്ടില്ല. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും,വിദേശിയരുടെ  കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കും ചികിത്സയില്‍ ഇളവ് തുടരും. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് എക്‌സ്‌റേയ്ക്കും സ്‌കാനിംഗിനും ഫീസ് നല്‍കണ്ടേതില്ല. കൃത്രിമ അവയവങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നവരും വികലാംഗരുമായ വിദേശികള്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

 

click me!