വേതന സുരക്ഷാ പദ്ധതി; സൗദിയില്‍ പുതിയ ഘട്ടം ഇന്ന് മുതല്‍

By Web DeskFirst Published May 1, 2018, 12:43 AM IST
Highlights
  • എഴുപത് ലക്ഷത്തോളം പേര്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടും

സൗദി: സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം ഇന്ന് പ്രാബല്യത്തില്‍ വരും. ഇതോടെ എഴുപത് ലക്ഷത്തോളം പേര്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടും. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

വേതന സുരക്ഷാ പദ്ധതിയുടെ പതിനാലാം ഘട്ടമാണ് പ്രാബല്യത്തില്‍ വരുന്നത്. ഇരുപത് മുതല്‍ ഇരുപത്തിയൊമ്പത് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇതോടെ പദ്ധതിക്ക് കീഴില്‍ വരും. അതോടെ രാജ്യത്തെ ഭൂരിഭാഗം വിദേശികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പതിനാറു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. 

പതിനഞ്ച് മുതല്‍ പത്തൊമ്പത് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പതിനഞ്ചാം ഘട്ടം ഓഗസ്റ്റ്‌ ഒന്നിനും പതിനൊന്ന് മുതല്‍ പതിനാല് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുന്ന പതിനാറാം ഘട്ടം നവംബര്‍ ഒന്നിനും പ്രാബല്യത്തില്‍ വരും. പതിനൊന്നില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പദ്ധതി ബാധകമാകുന്ന തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേക്കും രാജ്യത്തെ 42,418 സ്വകാര്യ സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായി. 61,54,366 പേര്‍ക്ക് നിലവില്‍ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് കരാര്‍ പ്രകാരമുള്ള ശമ്പളം ബാങ്ക് വഴി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയാണ് വേതന സുരക്ഷാ പദ്ധതി. 

കൃത്യ സമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ ഒരു തൊഴിലാളിക്ക് മുവ്വായിരം റിയാല്‍ എന്ന തോതില്‍ സ്ഥാപനത്തിന് പിഴ ചുമത്തും. മൂന്നു മാസം ശമ്പളം വൈകിയാല്‍ സ്ഥാപനത്തിനുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തി വെക്കും. കൂടാതെ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ വേറെ ജോലി കണ്ടെത്തി സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം നല്‍കും.
 

click me!