ആലപ്പാടുകാർക്ക് ആശ്വാസം: സീ വാഷിംഗ് ഒരു മാസത്തേക്ക് നിർത്തിവയ്ക്കും: ഖനനം നിർത്തില്ല

By Web TeamFirst Published Jan 17, 2019, 6:43 PM IST
Highlights

സമരക്കാരുമായി തിരുവനന്തപുരത്ത് മന്ത്രി ഇ പി ജയരാജൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. 

തിരുവനന്തപുരം: ഒരു മാസത്തേക്ക് ആലപ്പാട്ടെ തീരത്ത് സീ വാഷിംഗ് നിർത്തിവയ്ക്കാൻ ധാരണ. സമരക്കാരുമായി തിരുവനന്തപുരത്ത് വ്യവസായ മന്ത്രി ഇ പി ജയരാജൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. 

ഈ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സർക്കാർ തീരുമാനിക്കുക. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരും. തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും എന്നും സർക്കാർ വ്യക്തമാക്കി. തീരമേഖലയിൽ പുലിമുട്ട് നിർമാണം കാര്യക്ഷമമാക്കും. കടൽഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാകും.

സർക്കാർ നടപടികൾ കണക്കിലെടുത്ത് സമരം തൽക്കാലം അവസാനിപ്പിക്കണമെന്ന മന്ത്രി സമരക്കാരോട് അഭ്യർഥിച്ചു. സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. സമരക്കാർ തൃപ്തിയോടെയാണ് ചർച്ചയിൽ നിന്ന് മടങ്ങിയതെന്നും മന്ത്രി അറിയിച്ചു.

എന്നാൽ ഖനനം നിർത്തിവയ്ക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരിമണൽ കേരളത്തിന്റെ പൊതുസ്വത്താണ്. അതിനാൽ പൊതുമേഖലയിൽ ഖനനം നിർത്താനാകില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. 

ആവശ്യം അംഗീകരിച്ചില്ല; മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരുമെന്ന് സമരസമിതി
click me!