2026 മാർച്ചിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് കടുത്ത എൽപിജി സിലിണ്ടർ പ്രതിസന്ധിക്കാണ്. സിലിണ്ടർ വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ ഹോട്ടൽ വ്യവസായം നിലനിൽപ്പിനായി പൊരുതുകയാണ്. ഈ കടുത്ത ഗ്യാസ് ക്ഷാമത്തിനിടയിലാണ് ഒരു റെസ്റ്റോറന്റ് വിചിത്രവും എന്നാൽ ശ്രദ്ധേയവുമായ ഒരു ഓഫറുമായി രംഗത്തെത്തിയത്.
രാജ്യം ഇപ്പോൾ കടുത്ത എൽപിജി സിലിണ്ടർ പ്രതിസന്ധി നേരിടുകയാണ്. പല ഹോട്ടലുകളും കഫേകളും അടച്ച് പൂട്ടിയിരിക്കുന്നു . ഇയൊരു സഹാചര്യത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അല്പം 'ഗ്യാസുള്ള' ഒരു ഓഫറാണ്. നഗരങ്ങളിൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ഒരു സിലിണ്ടർ എത്തിക്കുന്നവർക്ക് 50 പ്ലേറ്റ് മോമോസ് സൗജന്യമായി നൽകുമെന്നാണ് ഒരു റെസ്റ്റോറന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും, ഗ്യാസ് ക്ഷാമം മൂലം അടുക്കളകൾ പൂട്ടേണ്ടി വരുന്ന അവസ്ഥയെയാണ് റെസ്റ്റോറന്റ് ഇത്തരത്തിൽ അവതരിപ്പിച്ചത്.
'ഞങ്ങളെ പാകം ചെയ്യാൻ സഹായിക്കൂ, പകരം ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം നൽകാം'
പ്രശസ്ത ഇന്തോ-ചൈനീസ് കഫേ ശൃംഖലയായ 'വോക്ക് ആൻഡ് ഫോർക്ക്' (Wok & Fork) ആണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ ഓഫർ മുന്നോട്ട് വെച്ചത്. 'ഞങ്ങളെ പാകം ചെയ്യാൻ സഹായിക്കൂ, ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം നൽകാം' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'ഗ്യാസ് ഞങ്ങൾക്ക്, മോമോസ് നിങ്ങൾക്ക്' (Gas for us, Momos for you) എന്ന ടാഗ്‌ലൈനും ഈ വിചിത്രമായ പരസ്യത്തിനുണ്ട്.
ഏതെങ്കിലും ഔട്ട്‌ലെറ്റുകളിൽ ഒരു കൊമേഴ്‌സ്യൽ എൽപിജി സിലിണ്ടർ എത്തിക്കുന്നവർക്ക് ഉടൻ തന്നെ 50 പ്ലേറ്റ് മോമോസ് ലഭിക്കുമെന്ന ഓഫർ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഭക്ഷണപ്രേമികളും ട്രോളന്മാരും ഒരുപോലെ ഈ ഓഫർ ഏറ്റെടുത്തു കഴിഞ്ഞു.
എൽപിജി പ്രതിസന്ധി രൂക്ഷമാകുന്നു
വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് എന്നതിലുപരി, നിലവിൽ റെസ്റ്റോറന്റുകൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ നേർക്കാഴ്ചയാണിത്. പല നഗരങ്ങളിലും എൽപിജി വിതരണം തടസപ്പെട്ടത് മൂലം അടുക്കളകൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്ന് കഫേ അധികൃതർ വ്യക്തമാക്കി. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പലയിടങ്ങളിലും മെനു പരിമിതപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. വെണ്ടർമാരുമായും അധികൃതരുമായും സംസാരിച്ച് സിലിണ്ടറുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നുണ്ടായ ഈ ക്ഷാമം മറികടക്കാനാണ് ഇത്തരമൊരു 'ബാർട്ടർ' രീതി റെസ്റ്റോറന്റ് പരീക്ഷിച്ചത്.
'ബാർട്ടർ സിസ്റ്റത്തിന്റെ മടങ്ങിവരവ്' എന്ന് സോഷ്യൽ മീഡിയ
റെസ്റ്റോറന്റിന്റെ ഈ ഓഫറിന് താഴെ രസകരമായ കമന്റുകളുടെ പ്രവാഹമാണ്. പണ്ട് കാലത്ത് സാധനങ്ങൾക്ക് പകരം സാധനങ്ങൾ കൈമാറിയിരുന്ന 'ബാർട്ടർ സിസ്റ്റം' തിരികെ വരികയാണോ എന്നാണ് പലരും ചോദിക്കുന്നത്. 'ഇത് വേറെ ലെവൽ ട്രേഡിംഗ് ആണല്ലോ' എന്ന് ചിലർ കുറിച്ചപ്പോൾ, 'ഗ്യാസ് സിലിണ്ടറിന്റെ വില കൂടി റെസ്റ്റോറന്റ് നൽകുമോ?', 'ഒരു പ്ലേറ്റിൽ എത്ര മോമോസ് ഉണ്ടാകും?' തുടങ്ങിയ പ്രായോഗികമായ സംശയങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്.
എന്തായാലും സപ്ലൈ ചെയിൻ തടസ്സപ്പെടുമ്പോൾ അത് ബിസിനസിനെ എങ്ങനെ ബാധിക്കുമെന്നും, അതിനെ എങ്ങനെ സർഗാത്മകമായി നേരിടാമെന്നും കാണിച്ചുതരികയാണ് ഈ റെസ്റ്റോറന്റ്. എൽപിജി ക്ഷാമം പരിഹരിക്കപ്പെടുന്നത് വരെ ഇത്തരം പരീക്ഷണങ്ങൾ ഇനിയും ഉണ്ടായേക്കാം.


