പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് കെ.എന്‍.സതീഷ് പുറത്തേക്ക്

By Web DeskFirst Published May 8, 2017, 3:11 PM IST
Highlights

ദില്ലി: പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് കെ.എന്‍.സതീഷിനെ മാറ്റണമെന്ന രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്തേക്ക് സംസ്ഥാന മൂന്നുപേരും അമിക്കസ്‌ക്യൂറി രണ്ടുപേരും നിര്‍ദ്ദേശിച്ചു. ആരെ നിയമിക്കണം എന്ന കാര്യത്തില്‍ നാളെ സുപ്രീംകോടതി തീരുമാനമെടുത്തേക്കും.
 
പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയുടെയും രാജകുടുംബത്തിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിനെ മാറ്റാന്‍ ധാരണയായത്. കെ.എന്‍.സതീഷ് ഏകപക്ഷീയമായി പെരുമാറുന്നു എന്നതായിരുന്നു രാജകുടുംബത്തിന്റെ പരാതി. എക്‌സിക്യുട്ടീവ് ഓഫീസറെ മാറ്റിയില്ലെങ്കില്‍ ക്ഷേത്രഭരണവുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ഭരണസമിതി കോടതിയെ അറിയിച്ചു. ഇതോടെയാണ് രാജകുടുംബത്തിന്റെയും ഭരണസമിതിയുടെയും ആവശ്യം കോടതി അംഗീകരിച്ചത്.

എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സപ്ളൈസ് ഡയറക്ടര്‍ വി.രതീശന്‍, ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍ എസ്.കാര്‍ത്തികേയന്‍,സഹകരണ ബോര്‍ഡ് സ്‌പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു.ഡോ. ആര്‍.കണ്ണന്റെയും നീലഗംഗാധരന്‍റെയും പേരുകള്‍ അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും നിര്‍ദ്ദേശിച്ചു. എക്‌സുക്യുട്ടീവ് ഓഫീസറെ സമവായത്തോടെ തെരഞ്ഞെടുക്കണം എന്നതായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

നിര്‍ദ്ദേശം അനുസരിച്ച് അമിക്കസ്ക്യൂറിയും രാജകുടുംബവും സര്‍ക്കാരും ചര്‍ച്ച നടത്തിയെങ്കിലും ഈ പേരുകളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനായില്ല. ക്ഷേത്രത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അടുത്തമാസം 19വരെ കെ.എന്‍.സതീഷ് തുടരട്ടേ എന്നതില്‍ അമിക്കസ്ക്യൂറിയും രാജകുടുംബവും സമയവായത്തില്‍ എത്തിയെങ്കിലും അത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. എക്‌സിക്യുട്ടീവ് ഓഫീസറെ മാറ്റുകയാണെങ്കില്‍ അത് ഉടന്‍ വേണം എന്നതായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ കോടതി നാളെ തീരുമാനം എടുത്തേക്കും.

click me!