ലോയയുടെ മരണവുമായുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റി

By Web DeskFirst Published Jan 22, 2018, 1:56 PM IST
Highlights

ദില്ലി: ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ എല്ലാ രേഖകളും വസ്തുനിഷ്ഠമായി പരിശോധിച്ച് ആവശ്യമെങ്കിൽ അന്വേഷണത്തിന് ഉത്തവിടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബോബെ ഹൈക്കോടതിയിലും നാഗ്പൂരിലും ഇക്കാര്യത്തിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റി. എല്ലാ സ്ഥാപനങ്ങളും ഒരു വ്യക്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദുഷ്യന്ത് ദാവെ കുറ്റപ്പെടുത്തി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎൻ ഖൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബഞ്ച് ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഏറെ ഗൗരവമുള്ളതാണെന്ന് വാക്കാൽ പരാമർശിച്ചു. മാധ്യമങ്ങളിൽ പല വിവരങ്ങളും വരുന്നത് ശ്രദ്ധയിലുണ്ട്. ഇതു പരിഗണിക്കണമെങ്കിലും ഇവ മാത്രം അടിസ്ഥാനമാക്കാനാവില്ല. എല്ലാ രേഖകളും വസ്തുനിഷ്ഠമായും നിർവികാരത്തോടെയും കോടതി പരിശോധിക്കും. നിഷ്പക്ഷമായ അന്വേഷണം ആവശ്യമെങ്കിൽ അതു നടക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതി നാളെ കേസ് പരിഗണിക്കുന്നതിനാൽ സുപ്രീംകോടതി ഇത് കേൾക്കരുതെന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെയുടെ വാദം തള്ളി.  ബോംബെ ഹൈക്കോടതിയിലെയും നാഗ്പൂർ കോടതിയിലെയും കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റാൻ ഉത്തവിട്ട ബഞ്ച് ഒരു ഹൈക്കോടതിയും ഇക്കാര്യത്തിലുള്ള ഹർജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു.

ലോയയുടെ മരണത്തിൽ സംശയകരമായി ഒന്നുമില്ലെന്നും രണ്ട് ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പടെ നാലു ജഡ്ജിമാർ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹരീഷ് സാൽവെ വാദിച്ചു. ദൂരൂഹത തെളിയിക്കുന്ന മറ്റ് രേഖകളുണ്ടെന്ന് ദുഷ്യന്ത് ദാവെ പ്രതികരിച്ചു. അമിത്ഷായുടെ അഭിഭാഷകനായിരുന്ന സാൽവെ മഹാരാഷ്ട്ര സർക്കാരിനായി ഹാജരാകരുതെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. മാധ്യമങ്ങൾക്ക് രേഖകൾ കൈമാറരുതെന്ന് സാൽവെ പറഞ്ഞപ്പോൾ അഭിപ്രായസ്വാതന്ത്ര്യം വിലക്കാനാണോ കോടതി ശ്രമിക്കുന്നതെന്ന് ഇന്ദിരാജയസിംഗ് ചോദിച്ചു.  ചീഫ് ജസ്റ്റിസ് ക്ഷുഭിതനായതോടെ ഇന്ദിരാജയസിംഗ് മാപ്പു പറഞ്ഞു.  കേസിൽ എല്ലാ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട സുപ്രീം കോടതി ഈ കേസ് ഇനി അടുത്ത മാസം രണ്ടിന് പരിഗണിക്കും. 

click me!