ഹാദിയയുടെ വിവാഹത്തില്‍ അന്വേഷണ സംഘത്തിന് ഇടപെടാനാകില്ല: സുപ്രീംകോടതി

By Web DeskFirst Published Jan 23, 2018, 11:39 AM IST
Highlights

ദില്ലി: ഹാദിയയുടെ വിവാഹം തെറ്റല്ലെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താനാകില്ലെന്നും വിവാഹത്തിന്‍റെ നിയമസാധുത ചോദ്യം ചെയ്യാനാകില്ലെന്നും കോടതി പരാമര്‍ശം നടത്തി. കേസിൽ ഹാദിയയെ കോടതി കക്ഷിചേര്‍ത്തു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിൻ ജഹാൻ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. 

ഹാദിയയുടെയും ഷെഫിൻ ജഹാന്‍റെയും വിവാഹത്തെ കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എൻ.ഐ.എ സമര്‍പ്പിച്ചിരുന്നു. ഹാദിയ കേസിൽ വിവാഹവും അന്വേഷണവും കൂട്ടികലര്‍ത്താനാകില്ലെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് കോടതി പറഞ്ഞു. ഹാദിയ 24 വയസ്സുള്ള പെണ്‍കുട്ടിയാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ കോടതിയിൽ വന്ന് താൻ വിവാഹിതയായി എന്ന് പറഞ്ഞാൽ അത് തെറ്റാണെന്ന് എങ്ങനെ പറയാനാകും. വിവാഹത്തിന്‍റെ നിയമസാധുത ചോദ്യം ചെയ്യാനാകില്ല. ക്രിമിനല്‍ ഗൂഡാലോചനയുടെയും ക്രിമിനല്‍ നടപടികളുടെയും പുറത്തായിരിക്കണം വിവാഹം. 

അതേ കുറിച്ച് അന്വേഷിക്കാൻ തീരുമാനിക്കുന്നത് നിയമത്തിലെ തെറ്റായ കീഴ്വഴക്കമാകും. മാനസികമായി പ്രലോഭിച്ചാണോ ഹാദിയയെ വിവാഹം കഴിച്ചതെന്ന് കോടതിക്ക് പരിശോധിക്കാനാകില്ല. വിവാഹത്തില്‍ കോടതിക്ക് ഇടപാടാനും ആകില്ല. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേല്‍ വിവാഹം റദ്ദാക്കാൻ കോടതിക്ക് സാധിക്കുമോ എന്ന് പരിശോധിക്കുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ ഹാദിയയെ കോടതി കക്ഷി ചേര്‍ത്തു. കേസ് ഫെബ്രുവരി 22ലേക്ക് മാറ്റിവെച്ചു. നേരത്തെ ഈ കേസ് പരിഗണിച്ച കോടതി പഠനം പൂര്‍ത്തിയാക്കാൻ ഹാദിയയെ സേലത്തേക്ക് അയച്ചിരുന്നു. 

click me!