മെഡിക്കല്‍ കോഴ; ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളി

By Web DeskFirst Published Nov 14, 2017, 9:35 PM IST
Highlights

ദില്ലി: മെഡിക്കൽ കോളേജ് അഴിമതിയിൽ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഹര്‍ജിയെന്നും കോടതി പറഞ്ഞു. സംശയ സാഹചര്യത്തിൽ ഇത്തരമൊരു ഹര്‍ജി നൽകിയത് കോടതിയലക്ഷ്യമാണെങ്കിലും അത്തരം നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
 
ലക്നൗവിലെ മെഡിക്കൽ കോളേജിന് അംഗീകാരം കിട്ടാനായി നടന്ന അഴിമതിയിൽ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ പ്രശാന്ത് ഭൂഷനും കാമിനി ജയ്സ്വാളുമാണ് അസാധാരണ നീക്കത്തിലൂടെ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. ഒരേ കേസ് രണ്ട് വ്യത്യസ്ഥ കോടതികളിൽ ഉന്നയിച്ച് ചീഫ് ജസ്റ്റിസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ അഭിഭാഷകര്‍ നടത്തിയതെന്ന് ജസ്റ്റിസ് ആര്‍.കെ.അഗര്‍വാൾ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് കോടതി അലക്ഷ്യമാണെങ്കിലും അത്തരം നടപടികളിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ കോടതി, ഹര്‍ജികൾ തള്ളി. വ്യക്തിപരമായ താല്പര്യങ്ങൾ നോക്കിയല്ല ജഡ്ജിമാര്‍ കേസ് പരിഗണിക്കുന്നത്. ജഡ്ജിമാരുടെ തലവനാണ് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസിനെതിരെ മെഡിക്കൽ അഴിമതി കേസിലെ എഫ്.ഐ.ആറിൽ യാതൊരു പരാമര്‍ശവുമില്ല. നിയമപരമായ അനുമതിയില്ലാതെ ഒരു ജഡ്ജിക്കെതിരെയും എഫ്.ഐ.ആര്‍ എടുക്കാനാകില്ല. 

പ്രശാന്ത് ഭൂഷന്റെയും കാമിനി ജയ്സ്വാളിന്റെയും കേസ് പ്രശസ്തിക്ക് വേണ്ടിയുള്ളതാണ്. നിയമപരമായ പരിശോധനയില്ലാതെയാണ് ഇവര്‍ ഹര്‍ജി നൽകിയത്. ഇത് ജുഡീഷ്യറിയുടെ അന്തസിന് ആഘാതമായെന്നും കോടതി നിരീക്ഷിച്ചു. ലക്നൗവിലെ സ്വകാര്യ മെഡിക്കൽ കോളേജിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിച്ച് അംഗീകാരം വാങ്ങിനൽകാനായി ഇടനിലക്കാരനായ ബി.പി.യാദവ് ഒറീസ ഹൈക്കോടതി ജഡ്ജിമാരെ സമീപിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഈ മെഡിക്കൽ കോളേജിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്നാണ് അംഗീകാരം കിട്ടിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ആദ്യം കാമിനി ജയ്സ്വാൾ ജസ്റ്റിസ് ജെ. ചലമേശ്വര്‍ അദ്ധ്യക്ഷനായ കോടതിയിലും രണ്ടാമത് പ്രശാന്ത് ഭൂഷൻ ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബെഞ്ചിലും കേസ് ഉന്നയിച്ചത്. ഹര്‍ജികൾ ഭരണഘടന ബെഞ്ചിന് വിട്ട ഈ കോടതികളുടെ ഉത്തരവ് ഭരണഘടന ബെഞ്ച് രൂപീകരിച്ച് മണിക്കൂറുകൾക്കകം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ റദ്ദാക്കി. അതിന് ശേഷം ചീഫ് ജസ്റ്റിസ് തന്നെ രൂപീകരിച്ച മൂന്നംഗ ബെഞ്ചാണ് കടുത്ത വിമര്‍ശനങ്ങളോടെ വിവാദ ഹര്‍ജികൾ തള്ളിയത്.

click me!