പരീക്കറിന്‍റെ സത്യപ്രതിജ്ഞ തടയില്ല; വിശ്വസവോട്ട് നേടണമെന്ന് സുപ്രീംകോടതി

By Web DeskFirst Published Mar 13, 2017, 7:26 PM IST
Highlights

ദില്ലി: ഗോവയിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാർട്ടി അവശ്യം സുപ്രീം അംഗീകരിച്ചില്ല. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കോണ്‍ഗ്രസിന്‍റെ അവശ്യം തള്ളിയത്. എന്നാല്‍ ഗോവ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗത്തെ പ്രോടൈം സ്പീക്കറാക്കിയാണ് വിശ്വാസവോട്ട് നേടേണ്ടത് എന്ന് കോടതി നിര്‍ദേശിച്ചു.വിശ്വാസ വോട്ട് വ്യാഴാഴ്ച രാവിലെ നടത്താനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഗോവയിൽ 17 സീറ്റുകൾ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കുതിരക്കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹർജിയിലെ പരാതി. ബിജെപിക്ക് കേവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്‍റെ തെളിവുകൾ ഗവർണർക്ക് കൈമാറിയിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നും കോടതി ചോദിച്ചു. മുതിർന്ന അഭിഭാഷകനും പാർട്ടി നേതാവുമായ അഭിഷേക് മനു സിംഗ്‌വിയാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരായത്. 

click me!