
ദില്ലി: പൊതു ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബജറ്റ് മാറ്റിവയ്ക്കാൻ ഉത്തരവ് നല്‍കാനിടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളും വ്യക്തമാക്കി. ഫെബ്രുവരി നാലിന് വോട്ടെടുപ്പ് തുടങ്ങാനിരിക്കെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.
വിഷയം ഇന്ന് സുപ്രീം കോടതിയിലുമെത്തി. ബജറ്റ് അവതരണം മാർച്ചിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹർജി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ ഉൾപ്പെട്ട ബഞ്ചിനു മുമ്പാകെ എത്തി. ഇത് അടിയന്തരമായി കേൾക്കണം എന്നായിരുന്നു ഹർജിക്കാരനായ എംഎൽ ശർമ്മയുടെ ആവശ്യം. എന്നാൽ ഹർജിക്ക് അടിയന്തര സ്വഭാവം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് പിന്നീട് കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്നും ഇതേ ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും ഇതുവരെ വന്നിട്ടില്ല. ബജറ്റ് മാറ്റാൻ ആവശ്യപ്പെടില്ല എന്ന സൂചനയാണ് ഉന്നതവൃത്തങ്ങൾ നല്‍കിയത്. ഈ സംസ്ഥാനങ്ങളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങൾ പാടില്ലെന്ന് നിർദ്ദേശം നല്‍കും.
നോട്ട് അസാധുവാക്കൽ താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് വഴിവയ്ക്കുമെന്ന് ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖർജി നല്‍കിയ മുന്നറിയിപ്പ് സർക്കാർ ഗൗരവമായെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബജറ്റ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നല്‍കിയില്ലെങ്കിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് വീണ്ടും രാഷ്ട്പതിയെ കണ്ടേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam