വടക്കാഞ്ചേരി കോഴ ആരോപണത്തിൽ മറുപടിയുമായി ഇ യു ജാഫർ. ആരോപണം തള്ളിക്കൊണ്ടാണ് ജാഫറിന്റെ പ്രതികരണം.

തൃശ്ശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തിൽ മറുപടിയുമായി ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ. ആരോപണം തള്ളിക്കൊണ്ടാണ് ജാഫറിന്റെ പ്രതികരണം. ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ ജാഫർ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ആവർത്തിച്ചു. സിപിഎമ്മുമായി യാതൊരു ഡീലുമില്ല. എൽ‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിലാണെന്നും ജാഫർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബ്ദരേഖയിലുള്ളത് വെറും സൗഹൃദസംഭാഷണമാണെന്നാണ് മറ്റൊരു വാദം. മനസിൽ ഇപ്പോഴും യുഡിഎഫുകാരൻ തന്നെയാണെന്നും പാർട്ടി തന്നെ പുറത്താക്കിയെന്നും ഇയു ജാഫർ വ്യക്തമാക്കി.

തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്നതായിട്ടാണ് ശബ്ദരേഖ. "ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം. നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി'' എന്ന് ജാഫർ പറയുന്നതിന്‍റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെക്കുകയും ചെയ്തിരുന്നു. അട്ടിമറിയിലൂടെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്. തെരഞ്ഞെടുപ്പിന്‍റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോൺഗ്രസ് പുറത്തുവിട്ടത്. ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ അനിൽ അക്കര ഡിജിപിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. 

LDFന് വോട്ട് ചെയ്തത് അബദ്ധത്തിലെന്ന് ആവർത്തിച്ച് ജാഫർ; ലീഗ് സ്വതന്ത്രനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്