ബലാത്സംഗക്കേസ്: വൈദികരുടെ ജാമ്യഹർജികൾ ഇന്ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

By Web DeskFirst Published Jul 16, 2018, 12:39 PM IST
Highlights
  • മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഫാ. ജയ്സ് കെ.ജോർജ് കൂടി ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു

ദില്ലി: വീട്ടമ്മയുടെ ബലാത്സംഗപരാതിയില്‍ ഒളിവിലുള്ള രണ്ട് ഓർത്തഡോക്സ് വൈദികരുടെ ജാമ്യഹർജികൾ ഇന്ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹർജികൾ നാളെ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഫാ. ജയ്സ് കെ.ജോർജ് കൂടി ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. 

അതേസമയം അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസും നാലാം പ്രതി ഫാ. ജെയ്സ് കെ ജോർജുമാണ് ഇനി അറസ്റ്റിലാകാനുള്ളത്. മുൻകൂർ ജാമ്യാപേക്ഷയിലെ ഉത്തരവിനായി കാത്തിരിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഒളിവിൽ കഴിയുന്ന രണ്ട് വൈദികരെ പിടികൂടാതെ ഇരുട്ടിൽ തപ്പുകയാണ് ക്രൈംബ്രാഞ്ച്. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി അഞ്ച് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിനായില്ല. ഒന്നാം പ്രതി എബ്രഹാം വർഗീസും നാലാം പ്രതി ജെയ്സ് കെ ജോർജും ഒളിവിലാണ്. പ്രതികൾ കീഴടങ്ങാൻ കാത്തിരുന്നത് സുരക്ഷിതമായ ഒളിസങ്കേതങ്ങളിലെത്താൻ വൈദികരെ സഹായിച്ചുവെന്ന ആക്ഷേപമുണ്ട്. 

ജെയ്സ് കെ ജോർജ് ദില്ലിയിലാണെന്നും അറസ്റ്റിന് സുപ്രീം കോടതി ഉത്തരവ് വരെ കാത്തിരിക്കില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. എബ്രഹാം വർഗീസിനെ കോട്ടയത്തെ ആശ്രമത്തിൽ ഓർത്തഡോക്സ് സഭ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന റിപ്പോർട്ടും അന്വേഷണ സംഘം തള്ളി. അതിനിടെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അവധിയായതിനാൽ റിമാൻഡിലുള്ള ജോബ് മാത്യുവിനേറെയും ജോൺസൻ വി മാത്യുവിന്റേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചില്ല.  അപേക്ഷ നാളെ മജിസ്ട്രേറ്റ് പരിഗണിക്കും. 

click me!