
കോന്നി: പത്തനംതിട്ട കോന്നിയിൽ യുഡിഎഫ് ഭരണ സമിതിക്ക് കീഴിലുള്ള മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഒരു കോടി രൂപയിലധികം രൂപയുടെ ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്. സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തൽ. കോന്നി മാർക്കറ്റിംഗ് സഹകരണ സംഘത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാർ നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ക്രമക്കേട് വ്യക്തമായത്. 2013-14 വർഷ ഓഹരി മൂലധനം അടക്കം ഒരു കോടി രൂപ സംഘത്തിന് സർക്കാർ അനുവദിച്ചിരുന്നു. ടിഷ്യൂകൾച്ചർ ലാബ്, സോയിൽ ടെസ്റ്റിംഗ് ലാബ് എന്നിവ സജ്ജമാക്കാനായിരുന്നു പണം.
പിന്നീട് ഇവ രണ്ടും സജ്ജമാക്കിയെങ്കിലും ടിഷ്യൂകൾച്ചർ ലാബ് സ്വകാര്യ വ്യക്തിക്ക് കരാർ അടിസ്ഥാനത്തിൽ മറിച്ചു നൽകി.വായ്പ പണം ഗഡുക്കളായി തിരിച്ചടക്കേണ്ടതാണെങ്കിലും ഇതുവരെ ഒരു രൂപ പോലും തിരിച്ചടക്കാൻ തയ്യാറായില്ല. പദ്ധതിയുടെ അവലോകന റിപ്പോർട്ടും നൽകിയിട്ടില്ല.
ഇതിന് പുറമെ സംഘത്തിന്‍റെ നിയന്ത്രണത്തിലുള്ള ഗോഡൗണിന് ചുറ്റുമതിൽ നിർമ്മിച്ചതിന് ചട്ടവിരുദ്ധമായി പണം ചെവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കർഷകരിൽ നിന്ന് സ്വീകരിച്ചിട്ടുള്ള റബ്ബർ ഉത്പന്നങ്ങളുടെ കണക്കിൽ പൊരുത്തക്കേടുകൾ, വാഹന ദുരപയോഗം അടക്കം മറ്റുകാര്യങ്ങളിലും ക്രമകേടുകൾ കണ്ടെത്തി.
സംഘത്തിന്‍റെ പോയവർഷത്തെ നഷ്ടം ഒരു കോടി 11 ലക്ഷമാണ്. അറ്റനഷ്ടം നാല്കോടിയും. രണ്ട് കോടി 23 ലക്ഷത്തിലധികം തുക സർക്കാരിന് അടയ്ക്കാനുമുണ്ട്. സംഘത്തിനെതിരെ സഹകരണ നിയമത്തിലെ 32-ാം ചട്ടപ്രകാരം നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam