സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി

By Web TeamFirst Published Jan 24, 2019, 1:15 PM IST
Highlights

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാർശ. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കന്‍ററി ഘടന മാറ്റാൻ ശുപാർശ. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ ആക്കണം. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുന്നു. എൽ പി മുതൽ ഹയർ സെക്കണ്ടറി വരെ ഒരു ഡയറക്ടറേറ്റിന് കീഴിൽ കൊണ്ട് വരുന്നത് അടക്കം ഉള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് വിദഗ്ധ സമിതി മുഖ്യമന്ത്രിക്കു സമർപ്പിച്ചു. അധ്യാപകരുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്നും ശുപാർശയുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും  ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി ഡയറക്ടറേറ്റുകളും ഒരു കുടക്കീഴിൽ ആക്കണമെന്നതാണ്  പ്രധാന നിർദ്ദേശം, ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജുക്കേഷൻ എന്ന പേരിൽ സംസ്ഥാന തലത്തിൽ ഒരു സ്ഥാപനവും ഒരു ഡയറക്ടറും .ജില്ലകളിൽ ജോയിൻറ് ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജുക്കേഷൻ എന്ന നിലയിൽ ഉപസ്ഥാപനങ്ങളും പുതിയ തസ്തികകളും  തുടങ്ങാനും ശുപാർശയുണ്ട്. നിലവിലെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾ രണ്ട് പുതിയ സ്ട്രീമുകളാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഒന്ന് മുതൽ ഏഴ് വരെ പ്രൈമറി തലവും. എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സെക്കൻറി തലവും ആക്കണം. 

.

പ്രൈമറി തലത്തിലെ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദവും ബി.എഡും സെക്കണ്ടറിയിൽ  ബിരുദാനന്തര ബിരുദവും ബിഎഡ്ഡും ആക്കണമെന്നും ശുപാർശയുണ്ട്. സ്കൂളുകളിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ എന്നിങ്ങനെ രണ്ട് അധികാര കേന്ദ്രങ്ങൾ ഉള്ളത് ഇല്ലാതാക്കണമമെന്നും ശുപാർശയുണ്ട്. പ്രിൻസിപ്പൽ ആയിരിക്കും സ്ഥാപനമേധാവി. പ്രിൻസിപ്പലിനെ സഹായിക്കാൻ വൈസ് പ്രിൻസിപ്പലെന്ന പുതിയ തസ്തികക്കും ശുപാർശയുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് എജുക്കേഷൻ ഓഫീസർ എന്ന തസ്തിക വേണം. 

ദേശീയ നൈപുണ്യ വിദ്യാഭ്യാസ ചട്ടക്കൂട് നടപ്പാക്കുന്നസാഹചര്യത്തിൽ മുഴുവൻ വിഎച്ച്എസ്ഇകളും സെക്കണ്ടറി സ്കൂളാക്കി മാറ്റണം. നിലവിലെ അധ്യാപകരെ ബാധിക്കാതെ രീതിയിൽ ഘട്ടം ഘട്ടമായി ശുപാർശ നടപ്പാക്കണമെന്നാണ് നി‍‍ർദ്ദേശം. എസ്ഇആർടി മുൻ ഡയറക്ടർ ഡോ. എം ഐ ഖാദർ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് റിപ്പോർട്ട നൽകിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏകീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏകീകരണ നീക്കത്തെ ഹയർസെക്കണ്ടറിയിലെ അധ്യാപക സംഘടനകൾ ശക്തമായി എതിർക്കുകയാണ്.

click me!