ദുരന്തങ്ങള്‍ക്ക് അറുതി നല്‍കിയ വേദിയിലേക്ക് മിനു ഇന്ന് വീണ്ടുമെത്തും

By Web TeamFirst Published Dec 8, 2018, 10:53 AM IST
Highlights

4 വയസ് മുതൽ നൃത്തവും അഭ്യസിപ്പിച്ചു. അമ്മയുടെ കുടുംബ വീട്ടിലായിരുന്നു ആദ്യം മിനുവും അമ്മയും താമസിച്ചത്. പിന്നീട്  ചെറിയ വരുമാനം മിച്ചം പിടിച്ച് സ്വന്തമായി ചെറിയ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. 

ആലപ്പുഴ: മിനുവിന്റെ സന്തോഷത്തിന് വാക്കുകളില്ല. വാക്കുകൾക്കപ്പുറം കൃതഞ്ജതയാണ് നീനുവിന് കലോത്സവങ്ങളോട്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന സംസ്ഥാനതല കലോത്സവമാണ് മിനു രഞ്ജിത്തിനും അമ്മയ്ക്കും കയറി കിടക്കുവാൻ സ്വന്തമായി വീടുണ്ടാകാൻ കാരണമായത്. 

ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ താമസക്കാരിയായ സീമ ഏക മകളായ മിനുവിന്റെ നൃത്തത്തോടുള്ള താൽപ്പര്യം ജീവിതദുരിതത്തിലും പ്രോത്സാഹിപ്പിച്ചു. പിതാവ് ചെറുപ്പത്തിലേ മിനുവിനെയും അമ്മയേയും ഉപേക്ഷിച്ചു പോയി. വീടുവീടാന്തരം തുണിത്തരങ്ങൾ വിറ്റാണ് മിനുവിനെ സീമ പഠിപ്പിക്കുന്നത്.

4 വയസ് മുതൽ നൃത്തവും അഭ്യസിപ്പിച്ചു. അമ്മയുടെ കുടുംബ വീട്ടിലായിരുന്നു ആദ്യം മിനുവും അമ്മയും താമസിച്ചത്. പിന്നീട്  ചെറിയ വരുമാനം മിച്ചം പിടിച്ച് സ്വന്തമായി ചെറിയ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. എന്നാൽ മകളെ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കേണ്ടി വന്നതോടെ സീമയ്ക്ക് അധിക ബാധ്യത വന്നു ചേർന്നു. കടബാധ്യതയിൽ വീട് വിൽക്കേണ്ടി വന്നു. 

സ്വന്തമായി ഉണ്ടായ വീട് വിറ്റിട്ടാണ് കഴിഞ്ഞ വർഷം മിനുവും അമ്മയും തൃശൂരിൽ കലോത്സവത്തിന് എത്തിയത്. തിരികെ എത്തുമ്പോൾ എവിടെ കിടന്നുറങ്ങുമെന്നു പോലും പ്രതീക്ഷയില്ലാതെയാണ് മിനുവിന്റെ അമ്മ സീമ കഴിഞ്ഞ കലോത്സവ വേദികളിൽ മകളെ എത്തിച്ചത്. 

പങ്കെടുത്ത 3 ഇനങ്ങളിലും മിനുവിന് ഒന്നാം സ്ഥാനം ലഭിച്ചു. നാടോടി നൃത്തം, സംഘനൃത്തം, കേരളനടനം എന്നിവയിലാണ് സമ്മാനം ലഭിച്ചത്. മിനുവിന്റെ വിവരങ്ങൾ അറിഞ്ഞ താരസംഘടനയായ അമ്മ മിനുവിന്  വീട് വെച്ച് നൽകാമെന്ന ഉറപ്പ് കലോത്സവ വേദിയിൽ വെച്ച് നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ മീനുവിന് വീട് യാഥാർത്ഥ്യമായി. എല്ലാവരോടും തനിക്കുമമ്മയ്ക്കുമുള്ള കടപ്പാടിനെ കുറിച്ച് പറയുമ്പോള്‍ മിനുവിന്‍റെ വാക്കുകള്‍ ഇടറും.

ഒരു പാട് സന്തോഷത്തിലാണ് മിനു  ഇന്ന് കലോത്സവ വേദിയിലെത്തുന്നത്. ഇന്ന് നടക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം നാടോടി നൃത്തത്തിലും കേരളനടനത്തിലും മിനു മത്സരിക്കുന്നുണ്ട്. ഏറെ പ്രതിസന്ധികൾക്കൊടുവിൽ രണ്ട് അപ്പീലുകളുമായാണ് മിനു  മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മത്സരിക്കുവാൻ അവസരം ലഭിച്ച അറിയിപ്പ് വന്നത്. 

ഇത്തവണ മത്സരിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നത് മലപ്പുറം സെയ്ദ് മുനവലി പാണക്കാട് ശിഹാബ് തങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിയിലും മിനുമിന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂളിലെ പ്രിൻസിപ്പാൾ സിസ്റ്റർ മേരി റോസും അദ്ധ്യാപികയായ ഡാർഫിനി ടീച്ചറും ഒപ്പം ഉണ്ട്.

click me!