
കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പിണറായി സർക്കാർ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്നും ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണെന്നും നാസർ ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ പരാതികൾ പരിഗണിക്കുക പോലും ചെയ്തില്ലെന്നും പരമാവധി ക്ഷമിച്ചെന്നും ഇടപെടാവുന്ന എല്ലാ വഴികളും അവസാനിച്ചപ്പോൾ ആണ് സമരം പ്രഖ്യാപിച്ചതെന്നും നാസർ ഫൈസി പറയുന്നു.
മതസംഘടനകൾ ഇടപെടേണ്ട എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ധാർഷ്ട്യവും ജനാധിപത്യവിരുദ്ധവുമാണ്. സമസ്ത നടത്തുന്ന സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. സമരത്തിലൂടെ മാത്രമേ കാര്യങ്ങൾ നേടാനാവൂ എന്നതാണ് നിലവിലെ സാഹചര്യം. മദ്രസകൾ നടത്തുന്ന മറ്റു മുസ്ലിം സംഘടനകൾക്കും ഇതേ പ്രശ്നങ്ങൾ ഉണ്ട്. അവരെ കൂടി സഹകരിപ്പിക്കുന്ന കാര്യം സമസ്ത നേതൃത്വം ആണ് തീരുമാനിക്കും. മുസ്ലിംലീഗിന്റെ പിന്തുണയും സമസ്തയുടെ സമരത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സമര നേതൃത്വത്തിന് ജിഫ്രി തങ്ങളും ഉണ്ടാകുമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.