
ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്ഡിപിഐ പ്രവർത്തകർ ഉപരോധിക്കുന്നു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിൽ എടുത്ത പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പൊലീസ് ജില്ലയിൽ വ്യാപക പരിശോധന നടത്തിയിരുന്നു. നിരവധി പേരെ പൊലീസ് കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് മുതലാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് ആരംഭിച്ചത്.
നേരത്തെ കൊലപാതകത്തില്‍ പങ്കുള്ള 15 പേരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തെ ഹാദിയ വിഷയത്തില്‍ ഹൈക്കോടതിയിലേക്ക് 2017ല്‍ മാര്‍ച്ച് നടത്തിയവരിലേക്കടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. കേസില്‍ എസ്ഡിപിഐക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നാണ് നേതാക്കളുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ടുമായി എസ്ഡിപിഐക്ക് ബന്ധമില്ലെന്ന് നേരത്തെ നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
പോസ്റ്റർ ഒട്ടിക്കാനായി ക്യാപംസ് ഫ്രണ്ടിന്റെ പത്തംഗ സംഘമാണ് എത്തിയത്. എസ്എഫ്ഐ വിദ്യാർഥികളുമായി തർക്കം ഉണ്ടായതിനെ തുടർന്ന് മറ്റ് അഞ്ച് പേരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പെലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ കൊലപാതകം നടത്തിയത് അഭിമന്യുവിന്‍റെ സഹപാഠിയായ മുഹമ്മദ് തന്നെയാണെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.
എസ്എഫ്ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗമായ അഭിമന്യു രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകിട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം നടന്നത്. ഒരു തൂണിൽ എസ്എഫ്ഐ ബുക്ക്ഡ് എന്ന എഴുത്ത് വകവയ്ക്കാതെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചു. എസ്എഫ്ഐ പ്രവർത്തകർ ഇതു ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിന് ശേഷം എണ്ണത്തില്‍ കുറവായ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പുറത്തുപോയി പോപുലർ ഫ്രണ്ടുകാരുമായി എത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയായി. ഇതിനിടെ പോപുലർ ഫ്രണ്ട് പ്രവർത്തകർ കത്തിയെടുത്തു കുത്തി.
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അഭിമന്യുവിന്റെ വയറിലാണ് കുത്തേറ്റത്. സംഭവ സ്ഥലത്തു വെച്ചു തന്നെ അഭിമന്യു അബോധവസ്ഥയിലായി. കൂടെ ഉണ്ടായിരുന്ന അർജുൻ എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റു. അഭിമന്യുവിനെ ഉടൻ സമീപത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam