മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 5 സീറ്റിൽ മാത്രമാണ് ബി ഡി ജെ എസ് സ്ഥാനാർഥികൾക്ക് ജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബി ഡി ജെ എസിൽ സജീവമാണെന്നാണ് സൂചന
ആലപ്പുഴ: പത്തുവർഷം എൻ ഡി എയ്ക്കൊപ്പം നടന്നിട്ട് എന്തുകിട്ടിയെന്ന് ബി ഡി ജെ എസ് ആലോചിക്കണമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ചോദ്യം. ബി ഡി ഡെ എസിന് ഇക്കാലയളവിൽ നേട്ടമൊന്നുമില്ലെന്ന നിലപാടാണ് വെള്ളാപ്പള്ളി പങ്കുവച്ചത്. ബി ഡി ജെ എസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 5 സീറ്റിൽ മാത്രമാണ് ബി ഡി ജെ എസ് സ്ഥാനാർഥികൾക്ക് ജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബി ഡി ജെ എസിൽ സജീവമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വെള്ളാപ്പള്ളിയുടെ ചോദ്യം.
ബി ഡി ജെ എസിൽ മുന്നണിമാറ്റ ചർച്ച സജീവം
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബി ഡി ജെ എസിൽ സജീവമാണ്. ബി ജെ പിയുടെ നിസ്സഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 23 ന് നടക്കുന്ന ബി ഡി ജെ എസ് നേതൃയോഗത്തിൽ മുന്നണിമാറ്റമടക്കം ചർച്ചയാകുമെന്നാണ് സൂചന. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചെങ്കിലും അഞ്ചു സീറ്റിൽ മാത്രമാണ് ഇക്കുറി ബി ഡി ജെ എസ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നേറ്റമുണ്ടാക്കി എന്ന വിലയിരുത്തലിനിടയിലും ഘടകകക്ഷികളിൽ അതൃപ്തി പുകയുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എൻ ഡി എ നേട്ടമുണ്ടാക്കിയ ഇടങ്ങളിൽ ബി ഡി ജെ എസ് അടക്കമുള്ളവർ പുറത്തായതാണ് അതൃപ്തിക്ക് കാരണം. തിരുവനന്തപുരം കോർപ്പറേഷനിൽ എൻ ഡി എ ഭരണം പിടിച്ചെങ്കിലും, ബി ഡി ജെ എസ് മത്സരിച്ച നാല് സീറ്റിലും തോറ്റു. ബി ജെ പിയുടെ നിസ്സഹകരണമാണ് തോൽവിക്ക് കാരണമെന്നാണ് ബി ഡി ജെ എസിന്റെ ആരോപണം. ബി ജെ പിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്. കൊച്ചി കോർപ്പറേഷനിൽ 13 സീറ്റുകളിൽ മത്സരിച്ചെങ്കിലും സിറ്റിംഗ് സീറ്റിൽ ഉൾപ്പടെ പരാജയപ്പെട്ടു. കോഴിക്കോട് കോർപറേഷനിലും മറ്റൊന്നല്ല സ്ഥിതി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ ബി ഡി ജെ എസിന്റെ സിറ്റിങ് സീറ്റ് ബി ജെ പി ഏറ്റെടുത്തിരുന്നു. ഇവിടെ പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഭരണം തന്നെ നഷ്ടമായി. എൻ ഡി എയ്ക്ക് ആധിപത്യം ഉണ്ടായിരുന്ന ആലപ്പുഴ കോടന്തുരുത്ത് പഞ്ചായത്തിലും ബി ജെ പി ഒറ്റയ്ക്കാണ് മത്സരിച്ചത്. കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയിരുന്നിടത്ത് ഇത്തവണ ആറ് സീറ്റാണ് എൻ ഡി എയ്ക്ക് ലഭിച്ചത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ 100 എണ്ണത്തിൽ പോലും പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. ലഭിച്ച സീറ്റുകളാകട്ടെ വിജയ സാധ്യത ഇല്ലാത്തതും ബി ജെ പിയുടെ ഏകപക്ഷീയ നിലപാടിനെ തുടർന്ന് പല ഇടങ്ങളിലും ബി ഡി ജെ എസിന് സ്വയം പിൻവാങ്ങേണ്ടിവന്നു.
ബി ഡി ജെ എസിന്റെ മുന്നണിയിലെ അതൃപ്തി പലതവണ പരസ്യമായതാണെങ്കിലും തുഷാറും ബി ജെ പി കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പം പരാതികളെ മയപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ നിൽക്കെ അവഗണന സഹിച്ച് തുടരാനാകില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. പ്രശ്നങ്ങൾ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേതാക്കൾ നേരിൽ കണ്ട് അറിയിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് എസ് എൻ ഡി പി ഇടപെട്ടേക്കും. സാമുദായിക പശ്ചാത്തലമുള്ള സംഘടനകളെ അവഗണിക്കുന്നത് നിയമസഭതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും നേതാക്കൾ ഓർമിപ്പിക്കുന്നു.

