
കൊച്ചി: ആലപ്പുഴ അരൂരില്‍ കായലിലേക്ക് കാര്‍ മറിഞ്ഞ് കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ചേര്‍ത്തല സ്വദേശി നിജാസിനും നാലു നേപ്പാള്‍ സ്വദേശികള്‍ക്കുമായുള്ള തെരച്ചിലാണ് തുടരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ അര്‍ദ്ധ രാത്രി കണ്ടെടുത്തിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. എറണാകുളം ഭാഗത്തു നിന്ന് പന്തല്‍ സാമഗ്രികളുമയി ചേര്‍ത്തലക്ക് പോവുകയായിരുന്ന ബൊലേറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ലോറിയെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ലോറിയുടെ പുറകില്‍ ഇടിച്ച വണ്ടി പാലത്തിന്റെ കൈവരി തകര്‍ത്ത് കായലിലേക്ക് മറിയുകയായിരുന്നു. ചേര്‍ത്തല സ്വദേശി നിജാസും, നേപ്പാള്‍ സ്വദേശികളായ എട്ടു പേരുമാണ് വാഹനത്തിലുണ്ടായിരുന്നത്. നാലു പേരെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മല്‍സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇവരിപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സംയുക്തമായാണ് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്. ആറു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ രാത്രി പന്ത്രണ്ടരയോടെയാണ് വാഹനം കണ്ടെത്താനായത്. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ അത് സാരമായി ബാധിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിന് നേവിയും കോസ്റ്റ് ഗാര്‍ഡും എത്താന്‍ താമസിച്ചതില്‍ പ്രതിഷേധവുമായി തുടക്കത്തില്‍ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam