
കൊച്ചി: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും.
വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളിൽ വീടുകളിൽ തുടരുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊർജിതമാണ്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.
ചെങ്ങന്നൂരിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. ചെങ്ങന്നൂരിലെ നാലു വാർഡുകളിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാകാനുളളത്. പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം പ്രവർത്തനം ഏറെക്കുറെ പൂർത്തിയായി. ജില്ലയിൽ 518 ദുരിതാശ്വാസ ക്യാന്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് ദുരിതാശ്വാസ പ്രവർത്തനത്തിനാകും മുൻഗണന നൽകുക.
അതേസമയം പ്രളയക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. വൈകുന്നേരം നാലിനാണ് യോഗം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസമാകും പ്രധാന ചർച്ചാവിഷയം. നിലവിൽ പുനരധിവാസത്തിനായി പ്രത്യേക കർമ്മ പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും പ്രളയദുരിതം ചർച്ച ചെയ്യും. കൂടുതൽ സഹായത്തിനായി കേന്ദ്ര സർക്കാറിന് വിശദമായ നിവേദനം സമർപ്പിക്കാനാണ് സർക്കാർ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam