
പത്തനംതിട്ട: ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രതിഷേധം കടുപ്പിക്കാൻ വിവിധ സംഘടനകളും സുരക്ഷ ശക്തമാക്കാൻ പോലീസും തീരുമാനിച്ചു. കാര്യങ്ങൾ കൈ വിട്ടു പോകരുത് എന്നാണ്, സർക്കാർ ദേവസ്വം ബോർഡിനും പോലീസിനും നൽകിയ നിർദേശം.
സുപ്രീം കോടതി വിധി പ്രകാരം നാളെ നട തുറക്കുമ്പോൾ യുവതികൾക്കും സന്നിധാനത്തെത്താം. പക്ഷെ യുവതികൾ എത്തുമോ, വന്നാൽ പ്രതിഷേധക്കാർ തടയുമോ ഇതാണ് പ്രധാന ചർച്ച. നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വിശ്വാസി സംഗമം നടത്തും.
ഹിന്ദു ഐക്യ വേദി അടക്കം ഉള്ള സംഘടനകളുടെ കൂട്ടായ്മ ശബരിമല കർമ്മ സമിതി എരുമേലിയിലും നിലക്കലിലും നാളെ രാവിലെ മുതൽ ഉപവസിക്കും. അയ്യപ്പ ധർമ സേന പമ്പ നിലക്കൽ എരുമേലി എന്നിവിടങ്ങളിൽ നാളെ രാവിലെ മുതൽ 125 മണിക്കൂർ പ്രതിരോധം തീർക്കും. എന്നാൽ പമ്പ നിലക്കൽ എരുമേലി സന്നിധാനം അടക്കം എല്ലായിടത്തും കനത്ത സുരക്ഷ ഒരുക്കാൻ ആണ് പോലീസ് നീക്കം. ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തി.
സന്നിധാനത്ത് ഇല്ലെങ്കിലും പമ്പയിലും നിലക്കലിലും എരുമേലിയിലും വനിതാ പോലീസ് ഉണ്ടാകും. തുലാമാസ പൂജക്ക് യുവതികൾ കാര്യമായിയെത്തില്ലെന്ന് കണക്കു കൂട്ടലിലാണ് ദേവസ്വം ബോർഡ്. പക്ഷെ യുവതികൾ കൂട്ടത്തോടെ എത്തിയാൽ എന്ത് ചെയ്യുമെന്നതില്‍ ബോർഡിന് വ്യക്തത ഇല്ല. വിധി നടപ്പാക്കണം എന്ന് സർക്കാർ പറയുമ്പോഴും അനിഷ്ട സംഭവം ഉണ്ടായാൽ വൻ തിരിച്ചടി നേരിടും എന്ന ആശങ്കയും ബാക്കിയാണ് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam