ബിജെപി സമ്മേളനത്തിലെ സുരക്ഷാ വീഴ്ച; കമ്മീഷണര്‍ക്കെതിരെ നടപടിയുണ്ടായേക്കും

By Web DeskFirst Published Sep 26, 2016, 4:16 PM IST
Highlights

ബീച്ചിലെ യോഗത്തിന് ശേഷം വി.ഐ.പികള്‍ക്ക് മടങ്ങാന്‍ വഴിയൊരുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്രമന്ത്രിമാരുടെ സുരക്ഷ പാളിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന ആഭ്യന്തര വകുപ്പിനോട് റിപ്പോര്‍ട്ട് തേടുമെന്നാണ് സൂചന.

ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സുരക്ഷാചുമതല കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബഹ്റക്കായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ജോലിക്കായി കോഴിക്കോട് നിയോഗിച്ചിരുന്നെങ്കിലും വന്‍ പാളിച്ചയാണ് സംഭവിച്ചത്. ബീച്ചിലെ യോഗത്തിന് ശേഷം വി.ഐ.പികള്‍ക്ക് മടങ്ങാന്‍ വഴിയൊരുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എല്‍.കെ അദ്വാനി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‍ഷാ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ഏറെ നേരം വഴിയില്‍ കുടങ്ങി. 
യോഗശേഷം കേന്ദ്ര മന്ത്രിമാര്‍ പലരും ജനക്കൂട്ടത്തിനിടയിലൂടെ നടന്ന് വാഹനം തേടിപ്പിടിക്കേണ്ട സാഹചര്യവും ഉണ്ടായി.

ഈ സമയം സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ കാണികളെ പോലെ മാറി നില്‍ക്കുകയായിരുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പോലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി  മനോഹര്‍ പരീക്കറിന്റെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയില്‍ പോലീസ് ആശയക്കുഴപ്പം ഉണ്ടാക്കിയതു മൂലം സര്‍ക്കാര്‍ വാഹനം കിട്ടാതെ സ്വകാര്യവാഹനത്തില്‍ സഞ്ചിരിക്കേണ്ട സാഹചര്യം ഉണ്ടായതായി ബി.ജെ.പി പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ പരിശോധിച്ചാകും സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരായ നടപടി വരിക. സുരക്ഷ പാളിയ സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയേക്കുമെന്നും അറിയുന്നു.
 

click me!