
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചകളാണ് പെരിന്തല്‍മണ്ണ ദൃശ്യകൊലപാതകക്കേസ് പ്രതി വിനീഷ് രക്ഷപ്പെടാന്‍ പ്രധാന കാരണം. കൊലപാതക കേസുകളില്‍ വിചാരണ നേരിടുന്നവരും അക്രമ സ്വഭാവമുള്ളവരും ഉള്‍പ്പെടെ 400ലധികം അന്തേവാസികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ആകെയുള്ളത് അഞ്ച് സുരക്ഷാ ജീവനക്കാര്‍ മാത്രം. ഉറപ്പില്ലാത്ത കെട്ടിടവും കാടുപിടിച്ച ചുറ്റുപാടുകളും അന്തേവാസികള്‍ ചാടിപ്പോകാനുള്ള പഴുതുകളൊരുക്കുന്നു.
സാമൂഹിക സുരക്ഷാ സൂചികകളില്‍ മുന്നിലെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട,150 വര്‍ഷത്തെ പഴക്കമുള്ള മാനസികാരോഗ്യ കേന്ദ്രമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. ചെന്നാല്‍ ആദ്യം കാണുക മെച്ചപ്പെട്ട ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളുമെങ്കില്‍ അതീവ ദയനീയമാണ് അകത്തെ കാഴ്ചകളും അവസ്ഥകളും.
ശുചിമുറിയുടെ ഭിത്തി തുരന്നും ഓടിളക്കിയും വെന്റിലേറ്റര്‍ തകര്‍ത്തുമൊക്കെ അന്തേവാസികള്‍ കടന്നു കളയുന്ന സംഭവങ്ങള്‍ പലതവണ ഗുരുതര സുരക്ഷാ വീഴ്ചകളിലേക്ക് വെളിച്ചം വീശിയിട്ടും ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായിട്ടുപോലും പരിഹാരത്തിനുള്ള ഒരു നടപടികളും ഉണ്ടായിട്ടില്ല. അടുത്തകാലത്തുണ്ടായ ചില വീഴ്ചകള്‍ പരിശോധിക്കാം.
2014 ജൂണില്‍ ഫോറൻസിക് വാർഡിലെ സെല്ലിൽ ഒരു അന്തേവാസിയെ മറ്റൊരു അന്തേവാസി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മലപ്പുറം സ്വദേശി സിദ്ദിഖാണ് കൊല്ലപ്പെട്ടത്. 2022 ജൂണിൽ ശുചിമുറിയുടെ ഭിത്തി സ്പൂൺ കൊണ്ട് തുരന്ന് റിമാൻഡ് തടവുകാരന്‍ കടന്നു കളഞ്ഞു. കൽപ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ പിന്നീട് വാഹനമിടിച്ച് മരിച്ചു. 2022 ഫെബ്രുവരിയില്‍ 17വയസുള്ള പെണ്‍കുട്ടി ഓടിളക്കി മാറ്റി പുറത്ത് കടന്നു. കുട്ടിയെ അടുത്ത ദിവസം കണ്ടെത്തി. 2022 ഫെബ്രുവരി മാസത്തില്‍ത്തന്നെ 24 കാരൻ ബാത്റൂമിന്റെ വെന്റിലേറ്റർ തകർത്ത് കടന്നുകളഞ്ഞു. ഇയാളെ ഷൊര്‍ണ്ണൂരില്‍ നിന്നും പിടികൂടി. 2022 ഫെബ്രുവരിയില്‍ ത്തന്നെ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായി. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. 2023 ഫെബ്രുവരി 13 ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട പൂനം ദേവി വെന്റിലേറ്ററിന്റെ ഗ്രിൽ തകർത്ത് രക്ഷപ്പെട്ടു. ഇവര്‍ വേങ്ങരയില്‍ നിന്നും പിടിയിലായി.
ഇത്തരത്തില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അന്തേവാസികള്‍ കടന്നുകളയുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഓരോ വര്‍ഷവും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുതിരവട്ടത്തെ ഏറ്റവും ഒടുവിലത്തെ വീഴ്ചയാണ് പെരിന്തല്‍മണ്ണ ദൃശ്യ കൊലപാതകക്കേസിലെ പ്രതി വിനീഷ് സെല്ലിലെ ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെട്ടത്. ഇയാള്‍ നേരത്തെയും കുതിരവട്ടത്തു നിന്നും സമാനമായ തരത്തില്‍ കടന്നിരുന്നെങ്കിലും പിടിക്കപ്പെടുകയായിരുന്നു. ഇന്നത്തെ കണക്കുപ്രകാരം 356 അന്തേവാസികളാണ് കുതിരവട്ടത്തുള്ളത്. ചില ദിവസങ്ങളില്‍ നാന്നൂറിലധികം അന്തേവാസികളുണ്ടാകും. ഇത്രയും പേര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നിലവിലുള്ളത് വെറും അഞ്ച് സുരക്ഷജീവനക്കാര്‍ മാത്രം. ഒരേ സമയത്ത് ഡ്യൂട്ടിയിലുണ്ടാവുക മൂന്ന് ജീവനക്കാര്‍ മാത്രമെന്നും ഓര്‍ക്കണം.
വേതനം നല്‍കാനുള്ള ഫണ്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ 20 താല്‍ക്കാലിക സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടതിനുശേഷം ഒരു നിയമനം പോലും നടന്നിട്ടില്ല. കോടതി നിര്‍ദേശ പ്രകാരം കൊണ്ടുവരുന്ന കൊലക്കേസ് പ്രതികളേയും അക്രമസ്വഭാവമുള്‍പ്പെടെയുള്ള ആളുകളെയും പാര്‍പ്പിക്കുന്ന ഫോറന്‍സിക് വാര്‍ഡില്‍ നിലവില്‍ 56 അന്തേവാസികളുണ്ട്. ഇവിടെ രാത്രി കാവലിനുണ്ടാവുക രണ്ട് പൊലീസുകാര്‍ മാത്രം. പഴയ കെട്ടിടവും കാടുമൂടിക്കിടക്കുന്ന ചുറ്റുപാടുകളും ചാടിപ്പോകാനുള്ള പഴുതൊരുക്കുകയാണ്. കൃത്യമായി സിസി ടിവികള്‍ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് വസ്തുത. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമനില തെറ്റിക്കുന്നതാണ് നിലവിലെ സ്റ്റാഫ് പാറ്റേണ്‍.
ജീവനക്കാരുടെ കുറവും കാറ്റും വെളിച്ചവും കടക്കാത്ത മുറികളും കൂടിയാകുമ്പോള്‍ അന്തേവാസികള്‍ക്ക് എങ്ങനെ ജീവിതതാളം കണ്ടെത്താനാകും. കട്ടിലിനും കസേരയ്ക്കും പോലും അന്തേവാസികള്‍ തമ്മില്‍ ഇവിടെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പതിവെന്ന് ജീവനക്കാര്‍ പറയുന്നു. 1872 ല്‍ ചിത്തരോഗാശുപത്രി എന്നപേരില്‍ തുടങ്ങിയതാണ് ഈ കേന്ദ്രം. എന്നാല്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളും സൗകര്യങ്ങളും കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോള്‍ ചികില്‍സ വേണ്ടത് അധികൃതര്‍ക്കാണോ സംവിധാനങ്ങള്‍ക്കാണോ എന്നതാണ് ഉയരുന്ന ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam