ഫേസ്ബുക്ക് ആങ്ങളമാരേ മാപ്പ് തരൂ; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സൈറ സലീം

By web deskFirst Published Dec 11, 2017, 9:04 PM IST
Highlights

മലപ്പുറത്ത് ഫ്‌ളാഷ് മോബ് കളിച്ച മുസ്ലീം പെണ്‍കുട്ടികളെ അപമാനിച്ചും അവരെ അനുകൂലിച്ചവരെ ചീത്ത വിളിച്ചും രംഗത്തെത്തുന്നവര്‍ക്ക് മറുപടിയുമായി സ്റ്റാര്‍ സിംഗര്‍ ഫെയിം സൈറ സലീം. '' അതേയതേ തെറ്റ് പറ്റിയത് എനിക്കാണ്. മാപ്പ്.... മാപ്പ്....ഫെയ്‌സ് ബുക്ക് ആങ്ങളമാരെ മാപ്പ്..." എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തെ തന്നെ പരിഹസിക്കുകയാണ് സൈറ. സൈറയുടെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവിലലയുന്നവര്‍ക്ക് ഒരു പിടി ഭക്ഷണം നല്കാതെ, തല ചായ്ക്കാനിടമില്ലാതെ തെരുവിലുറങ്ങുന്നവര്‍ക്ക് ഒരു തരി ആശ്വാസം നല്കാതെ, തെരുവില്‍ ഡാന്‍സ് കളിച്ചവരെയും അവരുടെ മാതാപിതാക്കളേയും തെറി വിളിച്ചും ഭീഷണിപ്പെടുത്തിയും വീട്ടിലിരുത്തിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് കരുതുന്ന ഫേസ് ബുക്ക് ആങ്ങളമാര്‍ തനിക്ക് ചുറ്റിലും ഉണ്ടെന്നത് ഓര്‍ക്കാതെ അഭിപ്രായം പറഞ്ഞത് തെറ്റായിപ്പോയെന്നും സൈറ ഫേസ്ബുക്കില്‍ പരിഹസിച്ചു. 

'' സണ്ണി ലിയോണും മിയ ഖലീഫയുമടക്കം സകല നടിമാരുടേയും പേജ് ലൈക്ക് ചെയ്തതിന് ശേഷമാണ് ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ നിനക്ക് തട്ടമിട്ടൂടെ പെണ്ണേ എന്ന് കമന്റിട്ട് സ്വര്‍ഗ്ഗം കാത്തിരിക്കുന്നതെന്നും സൈറ ആരോപിക്കുന്നു.  ഫെയ്‌സ് ബുക്ക് ആങ്ങളമാരേ, നിങ്ങള്‍ ബുദ്ധിയില്ലാത്തവരും ചിന്താശേഷിയില്ലാത്തവരും വിഡ്ഢികളുമാണെന്നും സ്പൂണ്‍ ഫീഡിങ്ങിലൂടെ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവേ നിങ്ങള്‍ക്കൊള്ളൂ എന്നും തിരിച്ചറിയാതിരുന്ന എന്റെ കഴിവു കേടിന് മാപ്പ് തരൂ...'' എന്ന് അടിവരയിട്ടാണ് സൈറയുടെ പോസ്റ്റ് അവസാനിക്കുന്നത്. 

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

അതേയതേ തെറ്റ് പറ്റിയത് എനിക്കാണ്. മാപ്പ്.... മാപ്പ്.... ഫെയ്സ് ബുക്ക് ആങ്ങളമാരെ മാപ്പ്... 
ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെരുവിലലയുന്നവർക്ക് ഒരു പിടി ഭക്ഷണം നല്കാതെ, തല ചായ്ക്കാനിടമില്ലാതെ തെരുവിലുറങ്ങുന്നവർക്ക് ഒരു തരി ആശ്വാസം നല്കാതെ, തെരുവിൽ ഡാൻസ് കളിച്ചവരെയും അവരുടെ മാതാപിതാക്കളേയും തെറി വിളിച്ചും ഭീഷണിപ്പെടുത്തിയും വീട്ടിലിരുത്തിയാൽ സ്വർഗ്ഗം കിട്ടുമെന്ന് കരുതുന്ന ഫെയ്സ് ബുക്ക് ആങ്ങളമാർ എനിക്ക് ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റ്. ഫെയ്സ് ബുക്ക് ആങ്ങളമാരേ, എനിക്ക് മാപ്പ് തരൂ....

സമുദായത്തെ സംരക്ഷിക്കാൻ അവർക്ക് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചും തെറ്റിദ്ധരിച്ചും SDPI ക്ക് വോട്ട് ചെയ്യുകയും അനുകൂലിക്കുകയും ചെയ്യുന്ന കുറച്ച് പേരെങ്കിലും എനിക്ക് ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റ്. ഫെയ്സ് ബുക്ക് ആങ്ങളമാരെ, എനിക്ക് മാപ്പ് തരൂ....

10 പേർക്ക് ഷെയർ ചെയ്താൽ ഒരു ദിവസത്തിനുള്ളിൽ വലിയൊരു അത്ഭുതം സംഭവിക്കും എന്ന് വിശ്വസിച്ച് ഷെയർ ചെയ്യുന്നവർ എന്റെ ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റാണ്. ഫെയ്സ് ബുക്ക് ആങ്ങളമാരേ എനിക്ക് മാപ്പ് തരൂ....

സണ്ണി ലിയോണും മിയ ഖലീഫയുമടക്കം സകല നടിമാരുടേയും പേജ് ലൈക്ക് ചെയ്തതിന് ശേഷം, ഫെയ്സ് ബുക്കിൽ "നിനക്ക് തട്ടമിട്ടു കൂടെ പെണ്ണേ" എന്ന് കമന്റ് ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്ന് കരുതുന്ന ഫെയ്സ് ബുക്ക് ആങ്ങളമാർ ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റാണ്. ഫെയ്സ് ബുക്ക് ആങ്ങളമാരേ എനിക്ക് മാപ്പ് തരൂ....

ഫെയ്സ് ബുക്ക് ആങ്ങളമാരേ, നിങ്ങൾ ബുദ്ധിയില്ലാത്തവരും ചിന്താശേഷിയില്ലാത്തവരും വിഡ്ഢികളുമാണെന്നും സ്പൂൺ ഫീഡിങ്ങിലൂടെ മാത്രം കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവേ നിങ്ങൾക്കൊള്ളൂ എന്നും തിരിച്ചറിയാതിരുന്ന എന്റെ കഴിവ് കേടിന് നിങ്ങൾ എനിക്ക് മാപ്പ് തരൂ....

 

click me!