
ബര്‍മര്‍: വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ്, രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്ന മൂന്ന് പേര്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫി വീഡിയോയും ഫോട്ടോകളുമെടുക്കുമ്പോള്‍ വഴിയാത്രക്കാരായ സംഘത്തോട് ജീവന് വേണ്ടി യാചിക്കുകയായിരുന്നു അപകടത്തില്‍ പെട്ടവര്‍. തങ്ങളെ ആശുപത്രിയില്‍ എത്തിക്കണമെന്നും ജീവന്‍ രക്ഷിക്കണമെന്നും അവര്‍ അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാമെന്നാണ് പൊലീസ് പറയുന്നത്.
ഗുജറാത്ത് സ്വദേശികളായ പ്രേം ചന്ദ്, ജമ്ര രാം, ചന്ദ്രപ്രകാശ് എന്നിവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് രാജസ്ഥാനിലെത്തിയത്. ബര്‍മറില്‍ വച്ച് ഒരു സ്‌കൂള്‍ ബസ്സുമായി മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരും രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഏതാണ്ട് അര മണിക്കൂറോളം ഗുരുതരമായി പരിക്കേറ്റ ഇവര്‍ റോഡില്‍ കിടന്നിട്ടും അതുവഴി പോയ ആരും ഇവരെ സഹായിക്കാന്‍ തയ്യാറായില്ല. വളരെ നേരത്തിന് ശേഷമെത്തിയ വഴിയാത്രക്കാരുടെ സംഘവും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല. പകരം ഇവര്‍ക്ക് മുന്നില്‍ നിന്ന് മിനുറ്റുകള്‍ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോയും ഫോട്ടോകളും പകര്‍ത്തുകയായിരുന്നു.
പരിക്കേറ്റവരില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടക്കുന്നവര്‍ക്ക് ജീവനുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും തയ്യാറാകാതെ സെല്‍ഫിയെടുത്തത് മനുഷ്യത്വത്തിന് എതിരാണെന്നും ഈ പ്രവണത അനുവദിക്കാനാകില്ലെന്നും പൊലീസ് പറഞ്ഞു. ആരെങ്കിലും സമയത്തിന് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രണ്ടുപേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു.
സെല്‍ഫികളെടുത്ത സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam