ആരാണ് സെനഗലേ നിന്‍റെ കോച്ച്?

By ഹൈറുന്നീസ. പിFirst Published Jun 20, 2018, 6:00 PM IST
Highlights
  • വാശിയേറിയ ഒരു പോരാട്ടം നടക്കുമ്പോള്‍,  പന്തിനു പിന്നാലെ കാലുകള്‍ പായുമ്പോള്‍,  കളിക്കളത്തിന് പുറത്ത് കാണികള്‍ പിന്തുടര്‍ന്ന മുഖം

കളത്തില്‍ പോളണ്ടും സെനഗലും നിറഞ്ഞ് കളിക്കുന്നു. വാശിയേറിയ ചുവടുവയ്പുകളും ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും നിമിഷങ്ങളും കടന്നുപോകുന്നു. ഇടയ്ക്ക് അക്ഷമനായ ഒരാളുടെ മുഖം സ്‌ക്രീനില്‍ വന്നുപോകുന്നു. സെനഗലിന്റെ കോച്ച്. ലോക്ക് ചെയ്ത നീണ്ട മുടിക്കൂട്ടങ്ങള്‍ വിറപ്പിച്ച് തല കുലുക്കി ഇരുണ്ട മുഖത്തുനിന്ന് തീ ചീറ്റിക്കുന്ന കണ്ണുകളുമായി അയാള്‍ ഗ്രൗണ്ടിനു പുറത്ത് പാഞ്ഞുനടന്നുകൊണ്ടിരുന്നു. സൈഡ് ബെഞ്ചിലിരുന്ന് കുലീനതയോടെ കളി വീക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ നിന്ന് കരുത്തനായ ആ കറുത്ത വംശക്കാരനെ കാണികള്‍ വേര്‍തിരിച്ചെടുത്തു. 

ഓരോ ശരാശരി കാഴ്ചക്കാരനും ചോദിച്ചു ആരാണ് സെനഗലിന്റെ കോച്ച്?

ആഹ്ലാദത്തിന് പകരം ആവേശം എരിയുന്ന അയാളുടെ മുഖം

പോളണ്ടിന്റെ സെള്‍ഫ് ഗോളോടുകൂടി റഷ്യന്‍ ലോകകപ്പില്‍ ഭാഗ്യം സെനഗലിനൊപ്പം നിന്നു. പോളിഷ് പ്രതിരോധ നിരയുടെ പിഴവിലൂടെ അറുപതാം മിനുറ്റില്‍ നിയാങിന്റെ ഗോള്‍ പോളണ്ടിന്റെ വലയിലെത്തി. സെനഗല്‍ വിജയത്തിലേക്ക് കയറുമ്പോള്‍ ആഹ്ലാദത്തിന് പകരം ആവേശം എരിയുന്ന അയാളുടെ മുഖം. 

എവിടെയോ കണ്ടു പരിചയിച്ച ആ മുഖത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ഓര്‍ത്തെടുത്തു. 2002 ലോകകപ്പില്‍ അട്ടിമറിയില്‍ ഫ്രാന്‍സിനെ തകര്‍ത്ത  സെനഗലിന്റെ നായകന്‍. അലിയോ സിസേ. ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച അട്ടിമറിയായിരുന്നു അത്. അന്ന് ഫുട്‌ബോള്‍ കോളങ്ങളില്‍ അലിയോ നേതൃത്വം കൊടുത്ത മാരക ടീമിന്റെ കഥകള്‍ നിറഞ്ഞു. 2002ന് ശേഷം ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. സെനഗലിന്റെ രണ്ടാം വരവില്‍ പക്ഷേ തിളങ്ങിയത് നാല്‍പത്തിരണ്ടുകാരനായ അലിയോയാണ്. 

പ്രതിരോധങ്ങളില്‍ തന്ത്രങ്ങള്‍ മെനഞ്ഞ കളിക്കാരനായിരുന്നു അലിയോ.  ദേശീയ താരമായി തിളങ്ങി പിന്നീട് ക്ലബ് ടീമുകളിലും സജീവമായി. എന്നും വിവാദങ്ങളും അലിയോയെ പിന്തുടര്‍ന്നു.  2002ല്‍ മാലിയില്‍ നടന്ന കപ്പ് ഓഫ് നാഷന്‍സില്‍ അലിയോ നഷ്ടപ്പെടുത്തിയ പെനല്‍റ്റി ഷൂട്ടൗട്ട് എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരുകാലത്ത്   'ഡെര്‍ട്ടി പ്ലെയര്‍' എന്നായിരുന്നു അലിയോ തന്നെത്തന്നെ വിളിച്ചിരുന്നത്. മുപ്പത്തിരണ്ടാം വയസ്സില്‍ കളിക്കളത്തില്‍ നിന്നു കയറിയ ശേഷം അലിയോ തിരിച്ചെത്തുന്നത് കോച്ചിന്റെ കോട്ടുമായാണ്.  

ഞങ്ങള്‍ മികവിലാണ് വിശ്വസിക്കുന്നത്. നിറത്തെച്ചൊല്ലി ഞങ്ങള്‍ക്ക് യാതൊരു സങ്കോചവുമില്ല

ആത്മവിശ്വാസവും കരുത്തുമാണ് സെനഗലിന് അലിയോ നല്‍കുന്ന പാഠങ്ങള്‍. 32 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ കറുത്ത വംശജനായ ഏക കോച്ചാണ് അലിയോ. നിറത്തിന്റെ രാഷ്ട്രീയം ഫുട്‌ബോളില്‍ അപ്രധാനമെന്ന് പറയുമ്പോഴും കളി നടക്കുന്ന മൈതാനത്തിനരികിലൂടെ ഉദ്യോഗസ്ഥരുടെ ഇടയ്ക്കായി മിന്നല്‍ വേഗത്തില്‍ താന്‍ നടന്നുപോകുമ്പോള്‍ ലോകം ആ രാഷ്ട്രീയം തിരിച്ചറിയുമെന്ന് അലിയോയ്ക്കറിയാം. 

സെനഗല്‍ -പോളണ്ട് പോരാട്ടം കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടമായി കണ്ടവരോട് അലിയോയ്ക്ക് പറയാനുള്ളത് നേരത്തേ പറഞ്ഞുകഴിഞ്ഞു. 

''ഞങ്ങള്‍ മികവിലാണ് വിശ്വസിക്കുന്നത്. നിറത്തെച്ചൊല്ലി ഞങ്ങള്‍ക്ക് യാതൊരു സങ്കോചവുമില്ല, ഒരിക്കല്‍ ഏതെങ്കിലുമൊരു ആഫ്രിക്കന്‍ രാജ്യം കപ്പ് നേടുക തന്നെ ചെയ്യും''

കാറ്റിന്റെ വേഗതയോടെ കളിക്കാര്‍ മുന്നേറുമ്പോള്‍ കളത്തിനു പുറത്തുനിന്ന് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന അലിയോയുടെ മുഖം കാഴ്ചക്കാരില്‍ പതിഞ്ഞിരിക്കുന്നു. 

സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം അലിയോ ഒരു സ്റ്റൈല്‍ ഐക്കണായും മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന സെനഗലിന്റെ പോരാട്ടങ്ങളിലും കണ്ണുകള്‍ തേടുന്നത് അലിയോ എന്ന കരുത്തനായ നേതാവിനെയായിരിക്കും. 

click me!