ചെയ്യാത്ത കുറ്റത്തിന് ശിക്ഷ 20 വര്‍ഷം തടവ്; ഒടുവില്‍ വീട്ടിലെത്തിയപ്പോള്‍ കാത്തിരുന്ന അമ്മ യാത്രയായി

By web deskFirst Published Feb 24, 2018, 2:36 PM IST
Highlights

ആലപ്പുഴ: ഒമാന്‍ തടവറയിലെ 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാട്ടിലെത്തിയ സന്തോഷ് കുമാര്‍ അമ്മയുടെ ഓര്‍മ്മയില്‍ വൃദ്ധയായ അമ്മായിയെ വാരിപ്പുണര്‍ന്ന് വിങ്ങിപ്പെട്ടിയപ്പോള്‍ കാഴ്ചക്കാരിലും നൊമ്പരമുളവാക്കി. വര്‍ഷങ്ങളായി സന്തോഷിനെ കാത്തിരുന്ന ചെറിയ വീടും പരിസരവും ഒരു നിമിഷം ശോകമൂകമായി. 

നീര്‍ക്കുന്നം ഭാരതി ഭവനില്‍ സന്തോഷ് കുമാര്‍ (45) ഇന്നലെ വൈകിട്ട് 5 മണിയോടെ ആണ് നീണ്ട തടവറ ജീവിതത്തിന് ശേഷം ജയില്‍ മോചിതനായി നാട്ടിലെത്തിയത്. വിദേശത്ത് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായ പുന്നപ്ര സ്വദേശി തയ്യില്‍ ഹബീബിന്റെ ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് സന്തോഷിന്റെ ജയില്‍ മോചനം എളുപ്പമായത്. കുടുംബം പുലര്‍ത്താന്‍ ഏറെ പ്രതീക്ഷയോടെ ഗള്‍ഫിലെ ഒമാനില്‍ ജോലി തേടിയെത്തിയ സന്തോഷ് കുമാര്‍ 1997 ലാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിലായത്.

4 പാകിസ്ഥാനികള്‍ ചേര്‍ന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നതിനിടയില്‍ കാവല്‍ക്കാരായ രണ്ട് ഒമാന്‍ സ്വദേശികള്‍ കൊല ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നിരപരാധികളായ സന്തോഷ് ഉള്‍പ്പടെയുള്ളവര്‍ പിടിയിലായത്. പാകിസ്ഥാനികളെ വധശിക്ഷക്ക് വിധേയമാക്കിയെങ്കിലും, മലയാളികളായ സന്തോഷ് ഉള്‍പ്പടെയുള്ള 3 പേര്‍ക്ക് 25 വര്‍ഷം തടവാണ് ഒമാന്‍ കോടതി വിധിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കടയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

സന്തോഷ് ജയിലിലായതോടെ നിര്‍ധന കുടുംബം ഇയ്യാളുടെ മോചനത്തിന് വേണ്ടി ഏറെ വാതിലുകള്‍ മുട്ടിയെങ്കിലും, യാതൊരു പ്രയോജനവുമുണ്ടായില്ല. മകന്‍ ജയിലിലായത് അറിഞ്ഞതു മുതല്‍ കിടപ്പിലായ അമ്മ ഭരതി സന്തോഷിനെ ഒരു നോക്കു കാണണമെന്ന ആഗ്രഹം ബാക്കി വെച്ച് 2010 ഡിസംബറില്‍ അന്ത്യയാത്ര ചൊല്ലി. ഒരു വര്‍ഷത്തിനു ശേഷം മൂത്ത സഹോദരന്‍ ശശിയും മരിച്ചു. 20 വര്‍ഷവും, 5 മാസത്തെയും തടവറ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ സന്തോഷിന് ബന്ധുക്കളെയും, അയല്‍വാസികളെയും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. 

ജനപ്രതിനിധികളും, നാട്ടുകാരും സന്തോഷ് വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍ ഹാരമണിയിച്ചു.  എനിക്കല്ല ഹബീബിനാണ് നിങ്ങള്‍ നന്ദി പറയേണ്ടതെന്ന് സന്തോഷ് ആവര്‍ത്തിച്ചു പറഞ്ഞു. ഞാന്‍ തടവറക്കുള്ളില്‍ ആയിരുന്നപ്പോഴും എല്ലാ 15 ദിവസം കൂടുമ്പോഴും ഹബീബും കുടുംബവും എന്നെ കാണാനും സ്വാന്തനിപ്പിക്കാനുമെത്തുമായിരുന്നെന്ന് നിറമിഴികളോടെ സന്തോഷ് പറഞ്ഞു.

ജനപ്രതിനിധികളായ എ.ആര്‍. കണ്ണന്‍, അഫ്‌സത്ത്, എം. ഷീജ, യു.എം.കബീര്‍, ജുനൈദ്, കെമാല്‍ എം.മാക്കിയില്‍, ഇ.കെ.ജയന്‍, തുടങ്ങിയവരും സന്തോഷിന്റെ വീട്ടിലെത്തിയിരുന്നു. തടവറയിലെ നരകയാതനക്ക് ശേഷം നാട്ടിലെത്തിയ സന്തോഷിന് സ്വന്തം സ്ഥാപനത്തില്‍ ജോലി വാഗ്ദാനം നല്‍കി പൊതു പ്രവര്‍ത്തകന്‍ മാതൃകയായി. 

സാമൂഹ്യ പ്രവര്‍ത്തകനും, വ്യവസായ പ്രമുഖനുമായ കമാല്‍ എം.മാക്കിയിലാണ് തന്റെ വാഹന ഷോറൂമില്‍ ജോലി വാഗ്ദാനം നല്‍കിയത്. ഒരു തൊഴിലുമില്ലാതെ നാട്ടില്‍ നിന്നാല്‍ വേദനാജനകമായ അവസ്ഥയുണ്ടാകുമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും അഭിപ്രായം പ്രകടിപ്പിച്ചപ്പോഴാണ് കമാല്‍.എം.മാക്കി തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കിയത്. 

click me!