
ജയ്‍പൂര്‍: നിയമവിരുദ്ധമായി വിദേശ മരുന്നുകമ്പനി നടത്തിയ മരുന്നുപരീക്ഷണത്തെ തുടര്‍ന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. മൃഗങ്ങളില്‍ പരീക്ഷിക്കുന്നതിന് പകരമാണ് നിരക്ഷരരായ തൊഴിലാളികളെ കമ്പനി മരുന്ന് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്.
ബിദാസര്‍ ഗ്രാമത്തിലെ തൊഴിലാളികളാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഓരോരുത്തര്‍ക്കും 500 രൂപ വീതം നല്‍കിയായിരുന്നു കമ്പനിയുടെ മരുന്ന് പരീക്ഷണം. തുടര്‍ന്ന് നില വിഷളായ ഇവരെ ഏപ്രില്‍ 18ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 16 പേരും ഇപ്പോഴും ചികിത്സയിലാണ്. വളരെ ഗൗരവതരമായ സംഭവമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി കടുത്ത നടപടിയെടുക്കും-മന്ത്രി പറഞ്ഞു.
നിയമം അനുസരിച്ച് മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് മുന്‍പ് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. മൃഗങ്ങളില്‍ പരീക്ഷണം നടത്തി ശരീരത്തിന് ദോശകരമല്ലെന്ന് തെളിയിച്ചിരിക്കണം. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ച ശേഷം ബന്ധപ്പെട്ട അധികൃതരുടെയും രോഗിയുടെയും അനുമതിയോടെ മാത്രമേ മരുന്നുപരീക്ഷണം നടത്താനും പാടുള്ളൂ. എന്നാല്‍ എല്ലാം കാറ്റില്‍ പറത്തിയായിരുന്നു വിദേശ കമ്പനിയുടെ നടപടികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam