കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത ശിക്ഷ

By Web DeskFirst Published Oct 26, 2017, 12:00 AM IST
Highlights

കുവൈറ്റ് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുമെന്ന് ആഭ്യന്തര വകുപ്പ്. ഡ്രൈവിങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, സീറ്റ്ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിങ് എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചെയ്യുന്നവരുടെ വാഹനങ്ങള്‍ രണ്ട് മാസം വരെ തടഞ്ഞു വയ്ക്കും. തീരുമാനം അടുത്തയാഴ്ച മുതല്‍ നടപ്പാക്കും. 
 
അമിതവേഗം, ഡ്രൈവിങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, സീറ്റ്ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങളുടെ പേരില്‍ പിടിയ്ക്കപ്പെടുന്നവരുടെ വാഹനങ്ങള്‍ രണ്ടുമാസം വരെ തടഞ്ഞുവെയ്ക്കും. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പാര്‍ക്കിങ് ഏരിയകളിലും നടപ്പാതകളിലും നിര്‍ത്തിയിടുന്നവയും, ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന വാഹനങ്ങളും ജപ്തിചെയ്യും. ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങള്‍ രണ്ടുമാസംവരെ ബന്ധപ്പെട്ട വകുപ്പുകള്‍ സൂക്ഷിക്കും. ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട അമിതവേഗ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് ഡ്രൈവര്‍മാരെ വിളിപ്പിച്ച് നടപടി സ്വീകരിക്കുന്നതിന് സാല്‍മിയയില്‍ പ്രത്യേക ട്രാഫിക് വകുപ്പ് രൂപീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ഷേഖ് ഖാലിദ് അല്‍ ജാറഹ് അല്‍ സാബാ പറഞ്ഞു. 

ഗതാഗതനിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന പിഴശിക്ഷ നടപ്പാക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഗതാഗത നിയമ അവബോധ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഗതാഗതനിയമ ലംഘനം നടത്തുന്ന പൗരന്‍മാര്‍ക്ക് പിഴശിക്ഷ ഏര്‍പ്പെടുത്തുമെന്നും കുറച്ചുകാലത്തേക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍,ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍  തുടങ്ങിയ ഗുരുതര നിയമലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തുക തന്നെ ചെയ്യും. അപകടകരമായ ഡ്രൈവിങ്, സ്വകാര്യ വാഹനങ്ങളില്‍ യാത്രക്കാരെ നിയമവിരുദ്ധമായി കൊണ്ടുപോകുക,  തുടങ്ങിയവര്‍ക്കെതിരെയും കര്‍ശന നടപടിയാവും സ്വീകരിക്കുകയെന്നും അറിയിച്ചു.

click me!