ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു

By Web DeskFirst Published Nov 13, 2016, 6:55 PM IST
Highlights

മുപ്പത്തിഅഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവമാണ് എക്സ്പോ സെന്‍ററില്‍ സമാപിച്ചത്. പതിനൊന്ന് ദിവസത്തെ മേളയില്‍ 23 ലക്ഷത്തില്‍ അധികം പേരാണ് എത്തിയത്. 176 മില്യണ്‍ ദിര്‍ഹത്തിന്‍റെ പുസ്തക വില്‍പ്പനയാണ് ഇവിടെ നടന്നത്.

അറുപത് രാജ്യങ്ങളില്‍ നിന്നായി 1681 പ്രസാധകര്‍ മേളയുടെ ഭാഗമായി. ഇന്ത്യയില്‍ നിന്ന് 110 ലധികം പ്രസാധര്‍ പങ്കെടുത്തു. മലയാളത്തിലെ പ്രമുഖ പ്രസാധകരെല്ലാം പുസ്തകോത്സവത്തിന് എത്തിയിരുന്നു. 15 ലക്ഷത്തോളം ടൈറ്റിലുകളിലുള്ള പുസ്തകങ്ങളാണ് ഇവിടെ നിരന്നത്. പ്രവാസി മലയാളികളുടെ നിരവധി പുസ്തകങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.

നിരവധി പുസ്തകങ്ങളുടെ പ്രകാശനങ്ങളും എഴുത്തുകാരുമായുള്ള മുഖാമുഖങ്ങളും ശില്പശാലകളും സെമിനാറുകളും ചര്‍ച്ചകളുമെല്ലാം ഇതോടനുബന്ധിച്ച് അരങ്ങേറി. നടന്‍മാരായ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയവര്‍ കേരളത്തില്‍ നിന്നെത്തി.

എം.മുകുന്ദന്‍, സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ആര്‍. ഉണ്ണി, കെ.പി രാമനുണ്ണി, കെ.പി സുധീര, ദീപ നിശാന്ത് തുടങ്ങിയവരെല്ലാം പുസ്തകോത്സവത്തിന് അതിഥികളായി എത്തിയിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സെഷനുകളും ഉണ്ടായിരുന്നു.

എല്ലാ ദിവസവും രാവിലെ കുട്ടികള്‍ക്ക് പ്രമുഖരുമായി സംവദിക്കാനുള്ള അവസരമാണ് ഒരുക്കിയത്. കൂടുതല്‍ വായിക്കുക എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം.

click me!