ഷാരുഖ് ഖാന് അമേരിക്കന്‍ വിമാനത്താവളത്തില്‍ വീണ്ടും അപമാനം; ഉസ്താദ് അംജദ് അലിഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു

By Web DeskFirst Published Aug 12, 2016, 5:03 PM IST
Highlights

ഖാന്‍ എന്ന പേരിന്റെ പേരിലാണ് വീണ്ടും ഷാരൂഖ് വീണ്ടും അമേരിക്കയിലെ വിമാനത്താവളത്തില്‍ അപമാനിതനായത്. അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുള്ളവരുടെ പട്ടികയില്‍ ഖാന്‍എന്ന പേരുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ട്വിറ്ററിലൂടെ താരം തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളെ പൂര്‍ണമായും ബഹുമാനിക്കുന്നു. എന്നാല്‍ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്നതില്‍ നിരാശനും ദുഖിതനുമാണെന്ന് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. 

തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടാന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിന്നാലെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ്മയും അമേരിക്കന്‍ വിദേശകാര്യ  അസി. സെക്രട്ടറി നിഷ ബിസ്വാളും ഷാരൂഖിനോട് ക്ഷമചോദിച്ചു. ഷാരൂഖിനുണ്ടായ ദുരനുഭവത്തില്‍ പ്രതിഷേധമറിയിച്ച്  നിരവധി പ്രമുഖ‌രംഗത്തെത്തി. എന്നാല്‍ സംഭവം വിവാദമാക്കേണ്ട കാര്യമില്ല നിലപാടുമായി  എഴുത്തുകാരി തസ്ലീമ
നസ്റീന്‍ രംഗത്തെത്തി. ഷാരൂഖല്ല ഇത്തരം അനുഭവമുണ്ടായ ആദ്യ മുസ്ലീമെന്നും തസ്ലീമ വ്യക്തമാക്കി. 

ഷാരൂഖ് വിവാദത്തിന്റെ ചൂടാറും മുന്‍പാണ് സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലിഖാന് ബ്രിട്ടീഷ് വിസ നിരസിക്കപ്പെട്ടത്. അടുത്തമാസം ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനുളള വിസ നിരസിക്കപ്പെട്ടത്. വിസ നിരസിച്ചത് ഞെട്ടിച്ചുവെന്ന് ഉസ്താദ് ട്വീറ്റ് ചെയ്തു. കാരണം വ്യക്തമാക്കാതെയാണ് വിസ നിരസിച്ചതെന്നും കലാകാരന്‍മാരോടുളള ഇത്തരം പ്രതികരണം ദുഖകരമാണെന്നും ഖാന്‍ പ്രതികരിച്ചു.

click me!