കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ താക്കീത്

By Web DeskFirst Published Aug 12, 2016, 4:53 PM IST
Highlights

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായ ഭാഷയിലാണ് സുപ്രീംകോടി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമുള്ള ഒഴിവുകള്‍ നികത്താന്‍ 75 പേരുകള്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. എന്തുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി വൈകുന്നുവെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കോടതികള്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരാണ് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. നടപടികള്‍ വൈകുന്നതിനെതിരെ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്ന മുന്നറിയിപ്പും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കിക്ക് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് നല്‍കി. 

ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനായി ഫെബ്രുവരിയില്‍ പേരുകള്‍ ശുപാര്‍ശ ചെയ്തതാണ്. ഇതുവരെ അക്കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ കൊളീജിയം ശുപാര്‍ശ ചെയ്ത 75 പേരില്‍ 55 ജഡ്ജിമാരുടെ നിയമനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ മറ്റൊരു കേസില്‍ കേന്ദ്ര സര്‍ക്കാരിന് 25,000 രൂപ സുപ്രീംകോടതി പിഴ ചുമത്തി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായിട്ടും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതുകൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയത്തോടാണ് സുപ്രീംകോടതി പിഴ അടക്കാന്‍ ആവശ്യപ്പെട്ടത്.

click me!