മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ‘ശതം സമര്‍പ്പയാമി’; ഇന്നലെ എത്തിയത് മൂന്ന് ലക്ഷം രൂപ

By Web TeamFirst Published Jan 20, 2019, 5:20 PM IST
Highlights

പ്രളയ ദുരിതാശ്വാസത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നാവശ്യപ്പെട്ട് ‘ശതം സമര്‍പ്പയാമി’ എന്ന പേരിൽതന്നെയാണ് ക്യാമ്പയിൻ നടക്കുന്നത്. ഇത് പ്രകാരം 3.41 ലക്ഷം രൂപയാണ് ഇന്നലെ മാത്രം ദുരിതാശ്വാസ നിധിയിൽ സംഭാവനയായി എത്തിയത്.

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധ സമരത്തിനിടെ അറസ്റ്റിലായവരെ പുറത്തിറക്കാന്‍ ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച 'ശതം സമര്‍പ്പയാമി' ചലഞ്ച് മറ്റൊരു തരത്തില്‍ മാറ്റിയെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ. പ്രളയ ദുരിതാശ്വാസത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നാവശ്യപ്പെട്ട് ‘ശതം സമര്‍പ്പയാമി’ എന്ന പേരിൽതന്നെയാണ് ക്യാമ്പയിൻ നടക്കുന്നത്. ഇത് പ്രകാരം 3.41 ലക്ഷം രൂപയാണ് ഇന്നലെ മാത്രം ദുരിതാശ്വാസ നിധിയിൽ സംഭാവനയായി എത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി നൂറു രൂപ സംഭാവന നല്‍കുകയും അപ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫേസ്ബുക്കിലോ ട്വിറ്ററിലോ പോസ്റ്റ് ചെയ്ത് മറ്റുളളവരെ ചാലഞ്ച് ചെയ്യുകയും ചെയ്യുന്നതാണ് ക്യാമ്പയിന്‍. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും കെ സുരേന്ദ്രൻ, കെ പി ശശികല എന്നിവരുടെ ഫോട്ടോകൾക്കൊപ്പം അയ്യപ്പന്‍റെ ചിത്രമുള്ള പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വിവിധ കേസുകളിലായി ജയിലില്‍ കിടക്കുന്ന പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കെ പി ശശികല കഴിഞ്ഞ ദിവസമാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. സംഘര്‍ഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളില്‍ പതിനായിരത്തോളം പേര് ഇന്ന് വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപ്പെടുകയാണ്, അതില്‍ പലരും ഇന്നും തടവറകളില്‍ ആണ്. ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തില്‍ പങ്കാളികളാകണമെന്നാണ് അഭ്യര്‍ത്ഥന. ‘ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കൂ, നിങ്ങളുടെ പങ്കിന്റെ സ്ക്രീൻ ഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ’ എന്നും ശശികല ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ശതം സമര്‍പ്പയാമി ക്യാമ്പയിനിലേക്ക് അയക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകുന്നത് സംബന്ധിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തി. നമ്മുടെ ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണെന്നും അത് സത്യവും ധർമവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുകയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

click me!